ഹീറോ യാര് ? വില്ലൻ യാര്

Sunday 22 February 2026 6:21 AM IST

47 വർഷത്തിനുശേഷം രജനിയും കമലും ഒരുമിക്കുന്ന

ചിത്രത്തിന്റെ ആദ്യ ഗ്ളിംപ്‌സ് പുറത്ത്

രജനികാന്തും കമൽഹാസനും 47 വർഷങ്ങൾക്കുശേഷം ഒരുമിക്കുന്ന നെൽസൻ ചിത്രത്തിന്റെ ആദ്യ ഗ്ളിംപ്സ് പുറത്തിറങ്ങി. ആരാധകർ ആവേശത്തോടെ കാത്തിരുന്ന ചിത്രത്തിന്റെ ഗ്ളിംപ്‌സ് വീഡിയോയിൽ സ്‌റ്റൈലിഷ് ലുക്കിലാണ് ഇരു താരങ്ങളും.

തമിഴിലെ ആദ്യ 1000 കോടി സിനിമയായി ഒരുങ്ങുന്ന ചിത്രത്തിന്റെ കഥയും നെൽസണിന്റേതാണ്. രജനിയുടെയും കമലിന്റെയും രസകരമായ സംഭാഷണത്തിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഇരു താരങ്ങളുടെയും സ്വാഗും സ്റ്റൈലും രസകരമായി ഉപയോഗപ്പെടുത്തി മുന്നേറുന്ന വീഡിയോ കിടിലൻ വിന്റേജ് വൈബാണ് സമ്മാനിക്കുന്നത്. ഇരു താരങ്ങളും ഒരു വിന്റേജ് കാറിൽ ഒന്നിച്ചു യാത്ര ചെയ്യാനൊരുങ്ങുന്നതായാണ് വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്.

'ഹീറോ യാര് എന്ന ചോദ്യത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.

രജനികാന്ത് തന്റെ സ്റ്റൈലിൽ കാറിന്റെ താക്കോൽ കമൽഹാസന് എറിഞ്ഞുകൊടുക്കുന്നു. കമൽഹാസന്റെ സ്വതസിദ്ധമായ ശൈലിയിൽ കാറിന്റെ ഡ്രൈവിങ് സീറ്റിൽ ഇരുപ്പുറപ്പിക്കുന്നു.

അതിനുശേഷമാണ് ആ ചോദ്യം 'ഹീറോ"യാര് ‌ ? ഉത്തരം സസ്‌പെൻസായി നിറുത്തി

വീഡിയോ അവസാനിക്കുന്നു. കമൽഹാസിന്റെ രാജ്‌കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റും മുവീസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം അടുത്ത വർഷം പൊങ്കലിലായിരിക്കും റിലീസ് ചെയ്യുക.

രാജീവ് മേനോൻ ക്യാമറ ചലിപ്പിക്കുന്നു. ആർ. നിർമൽ ആണ് എഡിറ്റർ. രജനികാന്ത് നായകനായി സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന ചിത്രം രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമ്മിക്കുന്നുണ്ട്. ഇതാദ്യമായാണ് രാജ് കമൽ ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിൽ രജനികാന്ത് അഭിനയിക്കുന്നത്. പി.ആർ.ഒ ആതിര ദിൽജിത്ത്.