രജിസ്ട്രേഷന് ഭായിമാർ റെഡി അതിഥി പോ‌ർട്ടൽ ക്ളിക്ക്ഡ്

Saturday 21 February 2026 10:34 PM IST

കണ്ണൂർ:അന്യസംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണത്തിനായി തൊഴിൽവകുപ്പ് ഏർപ്പെടുത്തിയ അതിഥി പോർട്ടൽ ലക്ഷ്യം കാണുന്നു.മുൻ വർഷങ്ങളെക്കാൾ പലമടങ്ങാണ് ഈ വർഷം ഇതുവരെ രജിസ്ട്രേഷൻ നേടിയവരുടെ എണ്ണം. ഇതുവരെ

32594 പേരാണ് പോർട്ടലിൽ പേര് രജിസ്റ്റർ‌ ചെയ്തത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇത് വെറും 4633 പേർ മാത്രമായിരുന്നു. രണ്ട് വർഷത്തിനിടയിൽ 27961 പേരാണ് പോർട്ടലിൽ പേര് ഉൾപ്പെടുത്തിയത്.

പശ്ചിമബംഗാൾ, ആസാം, ഒഡിഷ എന്നിവിടങ്ങളിൽ നിന്നാണ് സംസ്ഥാനത്തേക്ക് കൂടുതൽ പേർ തൊഴിൽ തേടിയെത്തുന്നത്. ബീഹാർ, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, ആന്ധ്രാപ്രദേശ്, ഛത്തീസ്ഖണ്ഡ് എന്നിവിടങ്ങളിൽ നിന്നും ആളുകളെത്തുന്നുണ്ട്. ഇവരിൽ ബഹുഭൂരിഭാഗവും നിർമ്മാണ മേഖലയിൽ ജോലി നോക്കുന്നവരാണ്.

അതെ സമയം ഇപ്പോഴും അന്യ സംസ്ഥാന തൊഴിലാളികളിൽ വലിയൊരു വിഭാഗം പോർട്ടലിന് പുറത്താണെന്ന് ലേബർ വകുപ്പ് അധികൃതർ പറയുന്നു. കോൺട്രാക്ടർമാർ ഉൾപ്പെടെയുള്ളവരുടെ നിസഹകരണമാണ് ഇതിന് പ്രധാന കാരണം.അതിഥി മൊബൈൽ ആപ്പിലൂടെയുള്ള രജിസ്ട്രേഷൻ എളുപ്പമാണെങ്കിലും പലരും പാലിക്കാൻ തയ്യാറാകുന്നില്ല.

ഇന്റർസ്റ്റേറ്റ് മൈഗ്രന്റ് വർക്ക്മെൻ ആക്ട് പ്രകാരം തൊഴിലുടമകളും കോൺട്രാക്ടർമാരും രജിസ്ട്രേഷൻ കർശനമായി നടത്തണമെന്നാണ് നിയമം. ഒരു തൊഴിലിടത്ത് കൂടുതൽ കാലം ജോലി ചെയ്യുന്ന പ്രവണത അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ കുറവാണെന്നതും രജിസ്ട്രേഷന് മുൻകൈയെടുക്കുന്നതിൽ നിന്ന് തൊഴിലുടമകളെ പിന്നോട്ടു വലിപ്പിക്കുന്നുണ്ട്.

കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ,​ ജോലി നിയമപരമാകാൻ

അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ കുറ്റകൃത്യങ്ങളും മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും വർദ്ധിച്ച സാഹചര്യത്തിലാണ് തൊഴിലാളികൾ നിയമപരമായി ജോലി ചെയ്യുന്നവരും രജിസ്റ്റർ ചെയ്തവരുമാണെന്ന് തൊഴിൽ വകുപ്പ് ഉറപ്പുവരുത്തുന്നത്. ഇതിനാണ് അതിഥി പോർട്ടൽ വഴി രജിസ്‌ട്രേഷൻ ആരംഭിച്ചത്. തൊഴിലുടമകൾ, കോൺട്രാക്ടർമാർ, തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമകൾ എന്നിവർ തൊഴിലാളികളുടെ വ്യക്തിഗത വിവരങ്ങൾ, തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ പോർട്ടലിൽ രേഖപ്പെടുത്തേണ്ടതുണ്ട്.

രജിസ്ട്രേഡ് തൊഴിലാളിക്ക് അതിഥി കാർഡ് രജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് ആധാർ അധിഷ്ഠിതമായ 'അതിഥി കാർഡ്' ലഭിക്കും. പേര്, ഫോട്ടോ, സ്വന്തം നാട്ടിലെ വിലാസം, കേരളത്തിലെ വിലാസം, അനുവദിച്ച തീയതി തുടങ്ങിയ വിവരങ്ങൾ കാർഡിലുണ്ടാകും. മൊബൈലിൽ ആപ്പിലൂടെ തൊഴിലാളികൾക്ക് നേരിട്ട് രജിസ്ട്രേഷൻ നടത്താം. ഫെസിലിറ്റേഷൻ സെന്ററുകൾ, ലേബർ ക്യാമ്പുകൾ, നിർമാണ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ അസി.ലേബർ ഓഫിസർമാരുടെ നേതൃത്വത്തിലുള്ള സംഘമെത്തി മൊബൈൽ ആപ്പിലൂടെ രജിസ്ട്രേഷൻ നടപടി നടത്തുന്നുണ്ട്. ഒപ്പം തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് പ്രത്യേകം കാംപുകളും സംഘടിപ്പിക്കുന്നുണ്ട്. മൊബൈൽ നമ്പർ ഉപയോഗിച്ചാണ് രജിസ്ട്രേഷൻ. ഫോട്ടോയും തിരിച്ചറിയൽ രേഖയും അപ്‌ലോഡ് ചെയ്യണം. രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് സ്ഥാപനം മാറുമ്പോൾ രജിസ്ട്രേഷൻ നിലനിർത്തി തന്നെ പുതിയ സ്ഥാപനം ചേർക്കുന്നതിനും സൗകര്യമുണ്ട്. www.athidhi.lc.kerala.gov.in എന്ന പോർട്ടലിലൂടെയും രജിസ്ട്രേഷൻ പൂർത്തിയാക്കാം.

കണ്ണൂരിലെ അതിഥി രജിസ്ട്രേഷൻ കണക്ക്

ഈ വർഷം 32594

2024 ഫെബ്രുവരിയിൽ 4633

രണ്ട് വർഷത്തിനിടയിൽ വർദ്ധന 27961