അന്തിമ വോട്ടർപട്ടിക: 8.97 ലക്ഷം പേർ പുറത്ത്

Sunday 22 February 2026 12:02 AM IST

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് നടന്ന തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിൽ (എസ്‌.ഐ.ആർ) 8,97,211 പേർ പുറത്തായി. അന്തിമ പട്ടികയിൽ 2.69 കോടി വോട്ടർമാരുണ്ട്. പട്ടിക പുതുക്കലിന് മുൻപ് 2,78,50,855 വോട്ടർമാരാണുണ്ടായിരുന്നത്.

അന്തിമ പട്ടികയിൽ 1,31,26,048 പുരുഷൻമാരും 1,38,27,319 സ്ത്രീകളും 277 ട്രാൻസ്ജെൻഡർമാരും ഉൾപ്പെടെ 2,69,53,644 വോട്ടർമാരാണുള്ളത്. 1,90,090 പുരുഷൻമാരും 33,458 സ്ത്രീകളും 10 ട്രാൻസ്ജെൻഡറുമുൾപ്പെടെ 2,23,558 പ്രവാസി വോട്ടർമാരുണ്ട്. ഇന്നലെയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. https://electoralsearch.eci.gov.in/ വെബ് സൈറ്റിൽ വോട്ടർ തിരിച്ചറിയൽ കാർഡ് നമ്പർ, പേര്, ബന്ധുവിന്റെ പേര്, ജനനത്തീയതി, വയസ് എന്നിവയോ, മൊബൈൽ ഫോൺ നമ്പരോ ഉപയോഗിച്ച് പേരുണ്ടോയെന്ന് പരിശോധിക്കാം. ബൂത്തിന്റെ പേര് അറിയാമെങ്കിൽ ഇലക്ഷൻ കമ്മിഷന്റെ സൈറ്റിൽ നിന്ന് ബൂത്തിലെ വോട്ടർപട്ടിക ഒന്നാകെ എടുത്ത് പരിശോധിക്കാം. അല്ലെങ്കിൽ https:/www.ceo.kerala.gov.in വെബ് സൈറ്റിൽ കേരള എസ്.ഐ.ആർ.ഫൈനൽ ഇലക്ടറൽ റോൾ 2026 എന്ന ലിങ്കിലും പരിശോധിക്കാം. പേരില്ലെങ്കിൽ https:/www.ceo.kerala.gov.in വെബ് സൈറ്റിൽ ഫോം 6 പൂരിപ്പിച്ച് നൽകിയാൽ മതി. നിയമസഭാ തിരഞ്ഞെടുപ്പ് നാമനിർദേശപത്രിക നൽകാനുള്ള അവസാന ദിവസം വരെ പേര് ചേർക്കാം.