പുനർഗേഹം ഭവനപദ്ധതി, 84 കുടുംബങ്ങൾക്ക് സുരക്ഷിത താവളം

Sunday 22 February 2026 8:12 AM IST

ആലപ്പുഴ: വേലിയേറ്റത്തിന്റെ ഭീതിയില്ലാതെ കഴിയാൻ മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷിത താവളം ഒരുങ്ങി. സംസ്ഥാന സർക്കാരിന്റെയും ഫിഷറീസ് വകുപ്പിന്റെയും സ്വപ്നപദ്ധതിയായ 'പുനർഗേഹം' പദ്ധതിയിലൂടെ നിർമ്മിച്ച 'സഫലം' ഭവനസമുച്ചയം നാളെ പുറക്കാട് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. കടലാക്രമണ ഭീഷണിയിൽ കഴിഞ്ഞിരുന്ന നൂറുകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സുരക്ഷിത ഇടം ഒരുക്കുന്നതിനൊപ്പം, ആധുനികമായ ജീവിതസൗകര്യങ്ങളും അന്തസ്സുറ്റ നിലനിൽപ്പും ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യം. മഴക്കാലത്ത് പുറക്കാട്ടെ ഓരോവീടും ദുരിതത്തിലാണ്. കടൽ കയറി വരുമോയെന്ന ഭീതിയിൽ വീട്ടുപകരണങ്ങൾ കെട്ടിപ്പെറുക്കി ക്യാമ്പുകളിലേക്ക് ഓടിയിരുന്ന ദുരിതകാലത്തിനാണ് ഇതോടെ വിരാമമാകുന്നത്. പദ്ധതി പൂർണ്ണമായി നടപ്പിലാകുന്നതോടെ കടലാക്രമണത്തിന്റെ ഭീഷണിയിൽ കഴിയുന്ന ഒട്ടനവധി കുടുംബങ്ങൾക്ക് ശാശ്വതമായ ഒരു അഭയസ്ഥാനം കൈവരും.

നാളെ ഉച്ചയ്ക്ക് 2.30ന് മണ്ണുംപുറം ഫ്ലാറ്റ് സമുച്ചയ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ ഫ്ലാറ്റുകളുടെ താക്കോൽദാനം നിർവ്വഹിക്കും. എച്ച്. സലാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.

ഉദ്ഘാടനം നാളെ

1.തീരത്തുനിന്ന് 50 മീറ്ററിനുള്ളിൽ താമസിച്ചിരുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് ആദ്യഘട്ടത്തിൽ സുരക്ഷിതമായ ഫ്ലാറ്റുകളിലേക്ക് കുടിയേറുന്നത്. അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയിൽ ഉൾപ്പെട്ട 40 കുടുംബങ്ങളും പുനർഹം പദ്ധതിയുടെ ഭാഗമായ 44 മത്സ്യത്തൊഴിലാളി കുടുംബങ്ങളും ഇതിൽ ഉൾപ്പെടുന്നു

2.റവന്യൂ വകുപ്പ് ഫിഷറീസ് വകുപ്പിന് കൈമാറിയ മൂന്ന് ഏക്കർ 48 സെന്റിൽ 26.5 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പദ്ധതിയിൽ ആകെ 204 ഭവനങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിൽ ആദ്യഘട്ടത്തിലെ പൂർത്തിയായ 84 വീടുകളാണ് നാളെ കൈമാറുന്നത്

3.ജില്ലയിൽ ഇതുവരെ 73 കോടിയിലധികം രൂപയാണ് പുനർഗേഹം പുനരധിവാസ പദ്ധതിക്കായി മാത്രം സർക്കാർ ചെലവഴിച്ചത്. ഇതിനോടകം തന്നെ പദ്ധതി വഴി 100 കുടുംബങ്ങൾ സുരക്ഷിത ഭവനങ്ങളിലേക്ക് മാറിതാമസിച്ചു കഴിഞ്ഞു.

4. ഭൂരഹിതരായ 125 ഗുണഭോക്താക്കൾക്ക് ഭൂമി വാങ്ങാനും 568 കുടുംബങ്ങൾക്ക് വീട്‌വയ്‌ക്കാനും, 950 പേർക്ക് ഭവന പുനരുദ്ധാരണ പദ്ധതിക്ക് ധനസഹായം നൽകാനും പദ്ധതിവഴി കഴിഞ്ഞു.

സ്ഥലം: 3.48 ഏക്കർ

ചെലവ്: 26.5 കോടി

ഭവനങ്ങൾ

ആകെ: 204

ആദ്യഘട്ടം: 84