പത്തല്ല, 15 ശതമാനം; ഇറക്കുമതി തീരുവ വീണ്ടും വർദ്ധിപ്പിച്ച് ട്രംപ്, സുപ്രീംകോടതിയിലെ തിരിച്ചടിക്ക് പിന്നാലെ പ്രഖ്യാപനം
വാഷിംഗ്ടൺ : പകരച്ചുങ്കത്തിൽ സുപ്രീംകോടതിയിൽ നിന്നേറ്റ തിരിച്ചടിക്ക് പിന്നാലെ വിദേശ ഉത്പന്നങ്ങൾക്കുള്ള് ആഗോള തീരുവ പത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം. ആദ്യം 10 ശതമാനം തീരുവയാണ് പ്രഖ്യാപിച്ചതെങ്കിലും രാത്രിയോടെ 15ശതമാനമായി ഉയർത്തുകയായിരുന്നു.
പകരച്ചുങ്കം റദ്ദാക്കിയ ജഡ്ജിമാരുടെ തീരുമാനം പരിഹാസ്യമാണെന്നും തീരുവ വരുമാനം വർദ്ധിപ്പിക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. പതിറ്റാണ്ടുകളായി അമേരിക്കയെ ചൂഷണം ചെയ്യുന്ന രാജ്യങ്ങൾക്ക് മേൽ ചുമത്തിയിരുന്ന 10 ശതമാനം തീരുവ നിയമപരമായി അനുവദിക്കപ്പെട്ട പരമാവധി പരിധിയായ 15 ശതമാനത്തിലേക്ക് ഞാൻ ഉയർത്തുകയാണ്. ഇത് ഉടനടി പ്രാബല്യത്തിൽ വരും. ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
അതേസമയം വ്യാപാരം അമേരിക്കയ്ക്ക് ഗുണകരമാവുന്ന വിധത്തിൽ ഏതൊക്കെ രാജ്യത്തിനെതിരെ അധിക ചുങ്കം ചുമത്താൻ കഴിയുമെന്ന് വിലയിരുത്തി റിപ്പോർട്ട് നൽകാൻ വാണിജ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് ട്രംപ് നിർദേശം നൽകി. 301, 232 വകുപ്പു പ്രകാരമാണിത്.