ചെങ്കോട്ടക്കും ചാന്ദ്നിചൗക്കിനും ഭീകരാക്രമണ ഭീഷണി
ഡൽഹിയിൽ അതീവ ജാഗ്രത
ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചാവേർ ആക്രമണം നടത്താൻ ഭീകര സംഘടനയായ ലഷ്‌കറെ ത്വയിബ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ. ചെങ്കോട്ട, ചാന്ദ്നി ചൗക്കിലെ ഒരു ക്ഷേത്രം അടക്കമുള്ള പ്രദേശങ്ങളാണ് ഭീകരർ ലക്ഷ്യമിടുന്നതെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു.
ഐ.ഇ.ഡി സ്‌ഫോടനമാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ആറിന് ഇസ്ലാമാബാദിലെ പള്ളിയിലുണ്ടായ ചാവേർ സ്‌ഫോടനത്തിന് പകരമായാണ് നീക്കമെന്നാണ് വിവരം. സ്‌ഫോടനത്തിൽ 31 പേർ കൊല്ലപ്പെടുകയും 160ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
രാജ്യത്തെ പ്രധാന ക്ഷേത്രങ്ങൾക്കു നേരെയും ലഷ്‌കർ അക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. 2025 നവംബർ 10 ന് ചെങ്കോട്ടയ്ക്ക് സമീപം 15 പേരുടെ മരണത്തിനിടയാക്കിയ കാർ സ്‌ഫോടനത്തെ തുടർന്ന് ഡൽഹിയിലും പരിസര പ്രദേശത്തും നിരീക്ഷണം ശക്തിപ്പെടുത്തിയിരുന്നു.