യുവതിയെ തീകൊളുത്തി കൊന്ന അമ്മയ്ക്കും മകനും ജീവപര്യന്തം

Sunday 22 February 2026 2:34 AM IST

നെടുമങ്ങാട് : മകളുടെ മുന്നിൽവച്ച് യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്ന കേസിൽ പ്രതികൾക്ക് ജീവപര്യന്തവും അമ്പതിനായിരം രൂപവീതം പിഴയും ശിക്ഷ വിധിച്ച് നെടുമങ്ങാട് എസ്.സി/എസ്.ടി കോടതി.പാങ്ങോട് ചന്തക്കുന്ന് നിവാസി റാഹിലാ ബീവി,മകൻ സാഗർ എന്നിവരെ ജഡ്ജി ഷാജഹാനാണ് ജീവപര്യന്തം ശിക്ഷിച്ചത്.പിഴത്തുക കൊല്ലപ്പെട്ട പഴവിള അപ്പൂപ്പൻപാറ സ്വദേശിനി സിന്ധുവിന്റെ മൂന്ന് മക്കൾക്ക് നൽകണമെന്നും കോടതി നിർദേശിച്ചു. 2016 ഡിസം.9ന് രാത്രി 10നാണ് നാട്ടുകാരെ നടുക്കിയ സംഭവമുണ്ടായത്.സാഗറുമായി സിന്ധുവിനുള്ള ബന്ധം എതിർത്ത റാഹിലാ ബീവി,സിന്ധുവിനെ തന്റെ വീട്ടിൽ വിളിച്ചുവരുത്തി മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് കത്തിക്കുകയായിരുന്നു.സിന്ധുവിന്റെ പതിനൊന്നുകാരിയായ മകൾ സംഭവത്തിന് ദൃക്‌സാക്ഷിയാണ്.സാഗറും സഹോദരൻ സാജനും കേസിൽ പ്രതികളായിരുന്നെങ്കിലും സാജനെ കോടതി വെറുതെ വിട്ടു.പരിസരവാസികൾ കൂറുമാറിയെങ്കിലും സിന്ധുവിന്റെ മകളുടെ മൊഴി നിർണായകമായി.പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സന്ദീപ് എൻ.ആറും പ്രതികൾക്ക് വേണ്ടി ശാസ്തമംഗലം അജിത്തും ഹാജരായി