രണ്ട് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ
Sunday 22 February 2026 2:43 AM IST
പെരിന്തൽമണ്ണ: കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറിയിൽ വച്ച് രണ്ട് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. മിലോൺ സർക്കാർ (31) നെയാണ് പെരിന്തൽമണ്ണ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി.അനൂപും സംഘവും അറസ്റ്റ് ചെയ്തത്. കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടയിലാണ് പ്രതിയെ എക്‌സൈസ് സംഘം പിടികൂടിയത്. യുവാക്കളെയും വിദ്യാർത്ഥികളെയും കേന്ദ്രീകരിച്ച് കൂട്ടിലങ്ങാടി, രാമപുരം, മങ്കട, പള്ളിപ്പുറം, പടിഞ്ഞാറ്റുമുറി, മലപ്പുറം എന്നിവിടങ്ങളിലാണ് ഇയാൾ വിൽപ്പന നടത്താറുള്ളത്. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങളിലും വിൽപ്പന നടത്താറുണ്ടെന്ന് യുവാവ് സമ്മതിച്ചതായി എക്‌സൈസ് പറഞ്ഞു. എക്‌സൈസ് പരിശോധന സംഘത്തിൽ പ്രിവന്റീവ് ഓഫീസർ സുനിൽകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ മുഹമ്മദ് റിയാസ്, നിബുൺ, പുഷ്പരാജ് എന്നിവരും ഉണ്ടായിരുന്നു.