ഇനി ദിവസങ്ങൾ മാത്രം, 24 മണിക്കൂർ മദ്യ നിരോധനം ഏർപ്പെടുത്തി, സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും അവധി നൽകാനും തീരുമാനം
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട സർക്കാർ മുന്നൊരുക്കങ്ങൾ കാര്യക്ഷമമായി നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുൻവർഷങ്ങളിലേതുപോലെ ഇത്തവണയും പൊങ്കാല ഏറ്റവും ഭംഗിയായി നടത്താൻ സാധിക്കും.ആറ്റുകാൽ പെങ്കാലയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ ആറ്റുകാൽ ക്ഷേത്രം ദേവി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആറ്റുകാൽ ഉത്സവത്തിന്റെ വരും ദിവസങ്ങളിലും ബന്ധപ്പെട്ട എല്ലാവരുടെയും പൂർണ സഹകരണവും അതീവ ശ്രദ്ധയും ഉറപ്പാക്കണം. ഇത്തവണയും വൻ ജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ പൊലീസിന്റെ ഭാഗത്തുനിന്ന് ജാഗ്രത വേണം. പ്രദേശവാസികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കഴിവതും കുറയ്ക്കുന്ന രീതിയിൽ ക്രമീകരണങ്ങൾ നടത്തണം.പൊങ്കാലയ്ക്കായി എത്തുന്ന ഭക്തജനങ്ങൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകരുതെന്നും ആവശ്യമായ എല്ലാ സൗകര്യങ്ങളും മികച്ച രീതിയിൽ ഒരുക്കണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. മന്ത്രിമാരായ വി.എൻ.വാസവൻ,വി.ശിവൻകുട്ടി,മേയർ വി.വി.രാജേഷ്, ജില്ലാ കളക്ടർ അനുകുമാരി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ആറ്റുകാൽ പൊങ്കാല ദിവസം തിരുവനന്തപുരം ജില്ലയ്ക്ക് അവധി നൽകുമെന്നും, മാർച്ച് 2 ന് ആറ് മണി മുതൽ 3ന് വൈകിട്ട് ആറ് മണി വരെ ഡ്രൈ ഡേ കർക്കശമായി നടപ്പാക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ നോഡൽ ഓഫീസറായി സബ് കളക്ടർ ഒ.വി.ആൽഫ്രെഡിനെ ചുമതലപ്പെടുത്തി.പൊങ്കാല ദിവസം ചന്ദ്രഗ്രഹണവുമായി ബന്ധപ്പെട്ട് ക്ഷേത്രദർശനത്തിന് ഉച്ചയ്ക്ക് 1.30 മുതൽ രാത്രി 7വരെ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുന്നതിനാൽ ഭക്തർക്ക് ബുദ്ധിമുട്ട് ഒഴിവാക്കാൻ ക്ഷേത്ര ഭരണസമിതിയും പൊലീസും നടപടികൾ സ്വീകരിക്കും.
ഭക്തരുടെ സുരക്ഷയ്ക്കായി നാല് സോണുകളിലായി 5855 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു.ഇതിൽ കൂടുതലും വനിതകളാണ്.തിരക്ക് നിയന്ത്രിക്കാൻ ഡ്രോൺ നിരീക്ഷണം,പുതിയതായി 83 സി.സി ടിവി ക്യാമറകൾ,അഞ്ച് വാച്ച് ടവറുകൾ എന്നിവ സജ്ജമാക്കി. വാഹന പാർക്കിംഗിന് ക്യു.ആർ കോഡ് സംവിധാനം ഒരുക്കിയതോടൊപ്പം 24 മണിക്കൂർ പ്രവർത്തിക്കുന്ന പൊലീസ് കൺട്രോൾ റൂമും ആരംഭിച്ചു. ലഹരി വ്യാപനം തടയാൻ എക്‌സൈസ് വകുപ്പും പൊലീസും ചേർന്ന് പ്രത്യേക പരിശോധനകൾ നടത്തും.
ആരോഗ്യസേവനങ്ങൾക്ക്
ബൈക്ക് റെസ്‌പോണ്ടർ ടീം
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ 23 മുതൽ മാർച്ച് 4വരെ മെഡിക്കൽ ടീമുകൾ പ്രവർത്തിക്കും.10 ആംബുലൻസുകൾ ക്രമീകരിച്ചിട്ടുണ്ട്. ബൈക്ക് റെസ്‌പോണ്ടർമാരുടെ സേവനവുമുണ്ട്.പെട്ടെന്നുള്ള അപകടങ്ങൾ നേരിടുന്നതിന് അധിക സൗകര്യങ്ങൾ ഒരുക്കാൻ മെഡിക്കൽ കോളേജ് അധികൃതർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
കുത്തിയോട്ട ബാലന്മാർക്കായി പീഡിയാട്രിഷ്യന്റെ സേവനമുറപ്പാക്കി
12 ഹീറ്റ് ക്ലിനിക്കുകൾ തുറക്കും
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകളും മൊബൈൽ ലാബും പരിശോധനകൾ നടത്തും
കെ.എസ്.ആർ.ടി.സി 700 പ്രത്യേക ബസുകളും,ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി 250 ബസുകളും സർവീസ് നടത്തും.
വാട്ടർ അതോറിട്ടി 1550 താത്കാലിക കുടിവെള്ള ടാപ്പുകളും 50 ഷവറുകളും സ്ഥാപിക്കും
കെ.എസ്.ഇ.ബി 24 മണിക്കൂർ കൺട്രോൾ റൂമും തുറന്നു
നഗരസഭ ശുചീകരണ പ്രവർത്തനങ്ങൾക്ക് 2,610 തൊഴിലാളികളെ നിയോഗിച്ചു
മാലിന്യം നീക്കംചെയ്യാൻ 200 ടിപ്പർ ലോറികൾ,കുടിവെള്ള വിതരണത്തിന് 40 ടാങ്കർ ലോറികളും
സ്ത്രീകൾക്കായി മൊബൈൽ ടോയ്‌ലെറ്റുകൾ