റഷ്യയിൽ വെള്ളരിക്ക 'സ്വർണത്തിന് തുല്യം " !

Sunday 22 February 2026 7:15 AM IST

മോസ്കോ: യുക്രെയിനുമായുള്ള യുദ്ധം തുടരുന്നതിനിടെ, റഷ്യയിലെ സാമ്പത്തിക പിരിമുറുക്കങ്ങളുടെ പുതിയ ചിഹ്നമായി മാറി വെള്ളരിക്ക. വില കുതിച്ചുയർന്നതോടെ വെള്ളരിക്കയെ സ്വർണം പോലുള്ള ആഡംബര വസ്തുക്കളുമായിട്ടാണ് റഷ്യൻ പൗരന്മാർ സോഷ്യൽ മീഡിയയിൽ താരതമ്യം ചെയ്യുന്നത്.

കഴിഞ്ഞ ഒരു മാസത്തിനിടെ വെള്ളരിക്കയുടെ വില ഇരട്ടിയായി ഉയർന്നെന്നാണ് കണക്ക്. കിലോയ്ക്ക് ഏകദേശം 300 റൂബിളിലെത്തി (356 രൂപ). ചിലർ ഇതിന്റെ ഇരട്ടിത്തുകയ്ക്ക് വിൽക്കുന്നെന്നും പരാതിയുണ്ട്. നേരത്തെ മുട്ടയ്ക്കും സമാന രീതിയിൽ വില കുതിച്ചുയർന്നിരുന്നു. ചില സൂപ്പർമാർക്കറ്റുകളിൽ ഇറച്ചിയുടെയും ഇറക്കുമതി ചെയ്ത പഴങ്ങളുടെയും വിലയ്ക്ക് തുല്യമോ അതിൽ ഉയർന്നതോ ആണ് വെള്ളരിക്കയുടെ വില.

യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ റഷ്യയിലെ സൈനിക ഇതര മേഖലകളിൽ വിലക്കയറ്റത്തിന് കാരണമായിരുന്നു. തൊഴിലാളികൾക്ക് ക്ഷാമവും നേരിടുന്നുണ്ട്. ഇതിനിടെയിൽ നികുതിയിലും വർദ്ധനവുണ്ടായി. അതേ സമയം, ശൈത്യകാലം മൂലമാണ് വെള്ളരിക്കയുടെ വില ഉയർന്നതെന്ന് കാർഷിക മന്ത്രാലയം പറയുന്നു. എന്നാൽ സാധാരണ ശൈത്യ സീസണിലെ വിലക്കയറ്റത്തെ അപേക്ഷിച്ച് വലിയ തോതിലെ കുതിച്ചുച്ചാട്ടമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.