എപ്‌സ്‌റ്റീൻ വിവാദം: ആൻഡ്രൂവിനെതിരെ ബ്രിട്ടീഷ് സർക്കാർ
ലണ്ടൻ: എപ്സ്റ്റീൻ വിവാദത്തിൽ അകപ്പെട്ട രാജകുടുംബാംഗം ആൻഡ്രൂ മൗണ്ട്ബാറ്റൺ-വിൻഡ്സറിനെ ബ്രിട്ടീഷ് രാജസിംഹാസനത്തിന്റെ അവകാശികളുടെ നിരയിൽ നിന്ന് നീക്കാൻ ആലോചന. ഇതു സംബന്ധിച്ച നിയമനിർമ്മാണം, ആൻഡ്രൂവിനെതിരെയുള്ള പൊലീസ് അന്വേഷണം പൂർത്തിയായ ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമർ പാർലമെന്റിൽ അവതരിപ്പിക്കും.
സർക്കാരിന്റെ നീക്കത്തെ ആൻഡ്രൂവിന്റെ സഹോദരനായ ചാൾസ് മൂന്നാമൻ രാജാവും മറ്റ് രാജകുടുംബാംഗങ്ങളും എതിർക്കില്ലെന്നാണ് റിപ്പോർട്ട്. കിരീടാവകാശികളുടെ നിരയിൽ എട്ടാം സ്ഥാനത്താണ് ആൻഡ്രൂ. ആൻഡ്രൂവിന്റെ രാജകീയ പദവികൾ നേരത്തെ നീക്കിയിരുന്നു.
അതേ സമയം, ആൻഡ്രൂവിന്റെ മുൻ സുരക്ഷാ ഉദ്യോഗസ്ഥരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. സർക്കാരിന്റെ രഹസ്യ റിപ്പോർട്ടുകളും ആഭ്യന്തര മെമ്മോകളും ആൻഡ്രൂ കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന് കൈമാറിയെന്ന റിപ്പോർട്ട് പുറത്തുവന്ന പിന്നാലെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ആൻഡ്രൂവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌തെങ്കിലും ചോദ്യംചെയ്യലിന് ശേഷം വിട്ടയച്ചിരുന്നു.