ഉടൻ ഇറാൻ വിടണം: പൗരന്മാർക്ക് മുന്നറിയിപ്പുമായി സെർബിയയും സ്വീഡനും
ടെഹ്റാൻ: പൗരന്മാർ ഉടൻ ഇറാൻ വിടണമെന്ന നിർദ്ദേശവുമായി സെർബിയയും സ്വീഡനും. ആണവ പദ്ധതിയുടെ പേരിൽ ഇറാനെ യു.എസ് ഏത് നിമിഷവും ആക്രമിച്ചേക്കാമെന്ന ആശങ്ക ശക്തമാകുന്നതിനിടെയാണ് നിർദ്ദേശം. ഇറാനിലേക്ക് യാത്ര പാടില്ലെന്നും മുന്നറിയിപ്പ് നൽകി.
അതേ സമയം, ലോകശക്തികളുടെ സമ്മർദ്ദത്തിന് മുന്നിൽ രാജ്യം തലകുനിക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ടെലിവിഷൻ അഭിസംബോധനയ്ക്കിടെ പ്രഖ്യാപിച്ചു. അതിനിടെ, നയതന്ത്ര ശ്രമം പരാജയപ്പെട്ടാൽ ഇറാനെതിരെ സ്വീകരിക്കേണ്ട നടപടികൾ യു.എസ് സൈന്യം പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നിൽ അവതരിപ്പിച്ചെന്നാണ് റിപ്പോർട്ട്. ഇറാനിലെ ഉന്നതരെ ലക്ഷ്യമിടുന്നത് മുതൽ ഭരണകൂട മാറ്റം വരെയുള്ള പദ്ധതികൾ യു.എസിന്റെ പരിഗണനയിലുണ്ടെന്നാണ് കരുതുന്നത്.
സംഘർഷങ്ങൾക്കിടെയിലും വൈകാതെ ആണവ കരാറിൽ എത്താനായേക്കുമെന്ന് യു.എസുമായി പരോക്ഷ ചർച്ച നടത്തുന്ന ഇറാൻ സംഘം പ്രതീക്ഷ പ്രകടിപ്പിച്ചു.