പൂഞ്ഞാറിൽ വച്ചുമാറ്റത്തിന്  ബി.ഡി.ജെ.എസ്,  സ്ഥാനാർത്ഥി ചർച്ചകളിലേയ്ക്ക് എൻ.ഡി.എ

Monday 23 February 2026 12:30 AM IST

കോട്ടയം : പൂഞ്ഞാർ സീറ്റ് ബി.ജെ.പിയ്ക്ക് വിട്ടുകൊടുത്ത് പകരം മറ്റൊന്ന് ഏറ്റെടുക്കാൻ ബി.ഡി.ജെ.എസ്. ഇത് മുന്നിൽക്കണ്ടാണ് പൂഞ്ഞാറിൽ സ്ഥാനാർത്ഥിയാകുമെന്ന് പി.സി.ജോർജ് പ്രഖ്യാപിച്ചതെന്നാണ് സൂചന. അതേസമയം പൂഞ്ഞാർ, പാലാ മണ്ഡലങ്ങളിൽ പി.സി.ജോർജിനെയും, മകൻ ഷോൺ ജോർജിനെയും മത്സരിപ്പിക്കുന്നതിൽ ബി.ജെ.പിയ്ക്കുള്ളിൽ അഭിപ്രായ വ്യത്യാസമുണ്ട്. രണ്ട് ടേമിലായി ബി.ഡി.ജെ.എസാണ് പൂഞ്ഞാറിൽ മത്സരിക്കുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും നടക്കാത്തതിലുള്ള അതൃപ്തിയുണ്ട് പി.സി.ജോർജിന്. ഈ സാഹചര്യത്തിൽ സീറ്റ് ഏറ്റെടുത്ത് പകരം മറ്റൊന്ന് കൊടുക്കുന്നതിൽ ബി.ജെ.പിയ്ക്കും താത്പര്യമുണ്ട്. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ഭരണം പിടിക്കുകയും തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞതുമാണ് ബി.ജെ.പിയുടെ പ്രതീക്ഷ. ഔദ്യോഗികമായി എൻ.ഡി.എയിൽ സീറ്റ് ചർച്ച തുടങ്ങിയിട്ടില്ല. പൂഞ്ഞാറിൽ ജോർജ് വന്നാൽ പാലായിൽ ഷോണിന് കൂടി അവസരം കൊടുത്താൽ എതിർസ്വരം ഉയരും. സാമുദായിക സന്തുലനം പാലിക്കേണ്ടതിനാൽ,​ കാഞ്ഞിരപ്പള്ളിയിൽ കണ്ണ് വച്ചിട്ടുള്ള നോബിൾ മാത്യുവിനും ഇത് പ്രഹരമാകും.

സാദ്ധ്യതകളിങ്ങനെ

അടുത്തിടെ പാർട്ടിയിൽ ചേ‌ർന്ന റെജി ലൂക്കോസ് കടുത്തുരുത്തിയിൽ മത്സരിക്കുമെന്ന് ഉറപ്പായി. പുതുപ്പള്ളിയിൽ യുവാക്കളെ പരിഗണിക്കും. ഏറ്റുമാനൂരിൽ ജില്ലാ പ്രസിഡന്റ് ലിജിൻ ലാലിനും, ചങ്ങനാശേരിയിൽ മുതിർന്ന നേതാവ് രാധാകൃഷ്ണ മേനോനുമാണ് പരിഗണനയിൽ. കോട്ടയത്ത് തീരുമാനമായിട്ടില്ല.

എൻ.ഡി.എയുടെ നിലവിലെ എ ക്ളാസ് മണ്ഡലം കാഞ്ഞിരപ്പള്ളിയാണ്. ഇവിടെ 10 വർഷത്തിനുള്ളിൽ ജയിക്കാമെന്നാണ് പ്രതീക്ഷ. പി.സി.ജോർജിന്റെ വരവോടെ പൂഞ്ഞാറും എ ക്ളാസ് മണ്ഡലമായി. ഏറ്റുമാനൂർ,​ ചങ്ങനാശേരി,​ കോട്ടയം മണ്ഡലങ്ങൾ 20 വർഷത്തിനുള്ളിൽ എ ക്ളാസാക്കി മാറ്റുകയോ വിജയിക്കുകയോ ചെയ്യാമെന്നാണ് ബി.ജെ.പി പ്രതീക്ഷ.

'' പൂഞ്ഞാർ സീറ്റ് വിട്ടു കൊടുത്ത് മറ്റൊരു സീറ്റ് ഏറ്റെടുക്കും. ഏത് സീറ്റെന്നതിൽ ധാരണയായിട്ടില്ല.

സുരേഷ് ഇട്ടിക്കുന്നേൽ,​ ബി.ഡി.ജെ.എസ് ഈസ്റ്റ് ജില്ലാ പ്രസിഡന്റ്