പാലായെക്കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത് !
പാലായിൽ ജോസോ, ഭാര്യ നിഷയോ ? ആരായിരിക്കും മത്സരിക്കുകയെന്ന മാദ്ധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യം കേട്ട് ജോസ് കെ.മാണി മടുത്തു. 'പോളണ്ടിനെക്കുറിച്ച് ഇനി ഒരക്ഷരം മിണ്ടിപ്പോകരുതെന്ന് 'സന്ദേശം' സിനിമയിൽ ശ്രിനീവാസന്റെ കഥാപാത്രം പറയുന്നതു പോലെ പാലായിൽ മത്സരിക്കുക ഞാനോ നിഷയോ എന്നു ആവർത്തിച്ചു ചോദിക്കുന്നതിനു പകരം മറ്റു വല്ലതുമുണ്ടോ തിരിച്ചു ചോദിക്കുന്ന അവസ്ഥയിൽ ജോസ് എത്തി നിൽക്കുകയാണ്.
മാണി ഗ്രൂപ്പിൽ എല്ലാം തീരുമാനിക്കുന്നത് ചെയർമാൻ ജോസ് ആണെങ്കിലും പാർട്ടി തീരുമാനിക്കുമെന്ന് പറയുന്നത് ജോസിന്റെ എളിമകൊണ്ടാണെന്ന് വിശ്വസിച്ചാൽ പോരേ! അരനൂറ്റാണ്ടായി കെ.എം മാണി പാലും, തേനുമൊഴുക്കി റെക്കാഡിട്ട മണ്ഡലമാണ് പാലാ. മാണിയുടെ മരണ ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി പ്രവർത്തകർ ആഞ്ഞു പിടിച്ചായിരുന്നു മാണി സി.കാപ്പനെ ജയിപ്പിച്ചെടുത്തത്. യു.ഡിഎഫിൽ നിന്ന് കളം മാറി ജോസ് എൽ.ഡി.എഫിൽ എത്തിയെങ്കിലും വോട്ടുചെയ്ത ഇടതുപ്രവർത്തകർ കളം മാറിചവിട്ടാൻ തയ്യാറാകാതെ വന്നതോടെ കാപ്പൻ വീണ്ടും ജയിച്ചു.
ജോസ് തോറ്റപ്പോൾ ഇടതുമുന്നണി അധികാരത്തിൽ വന്ന് 'മണ്ണും ചാരി നിന്നവൻ പെണ്ണുംകൊണ്ടു പോയെന്നു 'പറഞ്ഞതു പോലെ റോഷി അഗസ്റ്റിൻ ജോസിന് പകരം മന്ത്രിയായി. ആ റോഷിയാണ് പത്രസമ്മേളനത്തിന് ഇടയിൽ ജോസിൽ നിന്ന് മൈക്ക് പിടിച്ച് വാങ്ങി ജോസ് പാലായിൽ മത്സരിക്കുമെന്ന് പരസ്യ പ്രഖ്യാപനം നടത്തിയത്. ചെയർമാൻ എവിടെ മത്സരിക്കുമെന്ന് പറയുന്നത് മന്ത്രിയാണോ എന്ന് മാദ്ധ്യമ പ്രവർത്തകരാരും എന്തുകൊണ്ടോ ചോദിച്ചില്ല
പാലായിൽ കഴിഞ്ഞ അഞ്ചുവർഷമായി കാപ്പൻ ഒന്നും ചെയ്തില്ലെന്ന് ജോസ് നാടു നീളെ പറയുമ്പോൾ ഒന്നും ചെയ്യാൻ അനുവദിച്ചില്ലെന്നാണ് കാപ്പന്റെ മറുപടി. ഏതായാലും ഇരുവരും ഗോദയിൽ ഇറങ്ങും മുമ്പേ പാലായിലെ വികസനപ്രശ്നവും സ്ഥാനാർത്ഥിത്വവും ചർച്ചയായി കഴിഞ്ഞു. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച് കഴിയുമ്പോൾ ജോസിനും, കാപ്പനുമൊപ്പം, ഷോൺ ജോർജും പാലായിൽ മത്സരത്തിനിറങ്ങുകയാണെങ്കിൽ അത് 'ഒരൊന്നന്നര' മത്സരമായിരിക്കും.