പ്രശാന്ത് വർമ്മ- ഋഷഭ് ഷെട്ടി ചിത്രം ജയ് ഹനുമാൻ പൂജ

Monday 23 February 2026 6:10 AM IST

പാൻ-ഇന്ത്യൻ ബ്ലോക് ബസ്റ്റർ ഹിറ്റ് ഹനുമാന് ശേഷം ദേശീയ പുരസ്കാര ജേതാവ് പ്രശാന്ത് വർമ്മസംവിധാനം ചെയ്യുന്ന 'ജയ് ഹനുമാൻ' എന്ന ചിത്രത്തിന് പരമ്പരാഗതമായ പൂജ ചടങ്ങുകളോടെ തുടക്കമായി. ദേശീയ അവാർഡ് ജേതാവ് കന്നഡ സൂപ്പർതാരം ഋഷഭ് ഷെട്ടി നായകനായി എത്തുന്ന ചിത്രം, ഹനുമാന്റെ ജന്മസ്ഥലമായി കണക്കാക്കപ്പെടുന്ന വിജയനഗരം ഹംപിയിലെ ആഞ്ജനാദ്രി ബേട്ടയിൽ ആണ് തുടക്കം കുറിച്ചത്. ഹനുമാൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ജയ് ഹനുമാൻ നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ടി സീരീസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. പൂജ ചടങ്ങിൽ, ടി-സീരീസ് മേധാവി ഭൂഷൺ കുമാർ ക്ലാപ്പ്ബോർഡ് നൽകി, ഹനുമാൻ താരം തേജ സജ്ജ സംവിധാനം ചെയ്ത ആദ്യ ഷോട്ടിന് അനിൽ തടാനി ക്യാമറ ചലിപ്പിച്ചു. അനിൽ തടാനി, ഭൂഷൺ കുമാർ, നവീൻ യെർനേനി, രവിശങ്കർ എന്നിവർ ചേർന്ന് ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ പ്രശാന്ത് വർമ്മയ്ക്ക് കൈമാറി. ചിത്രീകരണം ഉടൻ ആരംഭിക്കും. ഐമാക്സ് ത്രീഡി ഫോർമാറ്റിലാണ്‌ ചിത്രീകരണം. ഛായാഗ്രഹണം: എസ് തിരുനാവുക്കരശു, സംഗീതം: എം.എം. കീരവാണി, പ്രൊഡക്ഷൻ ഡിസൈനർ: ശ്രീനാഗേന്ദ്ര തങ്കാല, പി.ആർ. ഒ : ശബരി