പള്ളിചട്ടമ്പിയിലെ കാട്ടുചെമ്പകം ട്രെൻഡിംഗായി

Monday 23 February 2026 6:15 AM IST

മധുര മനോഹരമായി വിശാൽ മിശ്രയുടെ മലയാള ഗാനം

ടൊവിനോ തോമസ് നായകനായി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പള്ളിചട്ടമ്പിയിലെ കാട്ടുചെമ്പകം എന്ന ഗാനം ട്രെൻഡിംഗ് ആകുന്നു. ചിത്രത്തിലെ ആദ്യ ഗാനം ആലപിച്ചത് ജേക്സ് ബിജോയ്‌യുടെ സംഗീതത്തിൽ ബോളിവുഡിലെ ട്രെൻഡിംഗ് ഗായകൻ വിശാൽ മിശ്രയാണ്. ഇതാദ്യമായാണ് വിശാൽ മിശ്ര മലയാളത്തിൽ പാടുന്നത്. വിശാൽ മിശ്രയോടൊപ്പം ആവണി മൽഹാരും ചേർന്നാണ് ആലാപനം. പ്രണയദിനത്തിൽ പുറത്തിറങ്ങിയ പ്രണയഗാനത്തിന്റെ വരികൾ എഴുതിയത് കൈതപ്രം ആണ്. 2025 ലെ സൂപ്പർ ഹിറ്റ് ഗാനമായ മിന്നൽ വളയ്ക്കുശേഷം ജേക്സ് ബിജോയ്‌യും കൈതപ്രവും ടൊവിനോയും വീണ്ടും ഒന്നിക്കുന്ന ഗാനം എന്ന പ്രത്യേകതയുണ്ട്. ഗാനരംഗത്ത് ടൊവിനോയോട് ഒപ്പം നായിക കയാദു ലോഹറും എത്തുന്നുണ്ട്. ബോളിവുഡിലും ദക്ഷിണേന്ത്യയിലും ഒരുപോലെ ശ്രദ്ധ നേടുന്ന ഗായകനാണ് വിശാൽ മിശ്ര. വിജയ്‌യുടെ ജനനായകനിലെ ഒരുപേരെ വരലാർ എന്ന സൂപ്പർ ഹിറ്റ് ഗാനം ആലപിച്ചതും വിശാൽ മിശ്രയാണ്. വൻ താരനിരയിൽ ഒരുങ്ങുന്ന പള്ളിചട്ടമ്പിയുടെ രചന എസ്. സുരേഷ് ബാബു നിർവഹിക്കുന്നു. ടിജോ ടോമി ആണ് ഛായാഗ്രഹണം. വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫൽ, ബ്രിജീഷ് എന്നിവരോടൊപ്പം സി ക്യൂബ് ബ്രോസ് എന്റർടെയ്‌ൻമെന്റ് എന്ന ബാനറിൽ ചാണുക്യ ചൈതന്യ ചരൺ എന്നിവർ ചേർന്നാണ് നിർമ്മാണം. ഏപ്രിൽ 9ന് അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യും.