മോഷണക്കേസിൽ ഭാര്യ അറസ്റ്റിൽ, മനംനൊന്ത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

Sunday 22 February 2026 7:35 PM IST

കൊല്ലം: മോഷണക്കുറ്റത്തിന് ഭാര്യ അറസ്റ്റിലായതിൽ മനംനൊന്ത് യുവാവ് പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. അഞ്ചൽ ഇടമുളയ്ക്കൽ പടിഞ്ഞാറ്റിൻകര റഫീഖ് മൻസിലിൽ റഫീഖാണ് ഞായറാഴ്ത ഉച്ചയോടെ ആത്മഹത്യക്ക് ശ്രമിച്ചത്. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു ആത്മഹത്യാ ശ്രമം. തീ പടരുന്നത് കണ്ട നാട്ടുകാരാണ് അഞ്ചൽ പൊലീസിൽ വിവരം അറിയിച്ചത്. പൊലീസെത്തി റഫീഖിനെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. റഫീഖിന് അമ്പത് ശതമാനത്തിലേറെ പൊള്ളലേറ്റെന്നാണ് വിവരം. മുൻപും റഫീഖ് ആത്മഹത്യാ ശ്രമം നടത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഫെബ്രുവരി 16 തിങ്കളാഴ്ചയാണ് റഫീഖിന്റെ ഭാര്യ സബീനയെ മോഷണക്കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചലിൽ നിന്ന് കുളത്തൂപ്പുഴയിലേക്ക് പോയ സ്വകാര്യ ബസിൽ നിന്നാണ് കുഞ്ഞിന്റെ മുക്കൽ പവൻ വരുന്ന സ്വർണക്കൊലുസ് സബീന മോഷ്ടിച്ചത്. കൊലുസ് നഷ്ടപ്പെട്ട വിവരം കുഞ്ഞിന്റെ അമ്മ ബസ് ജീവനക്കാരെ അറിയിച്ചിരുന്നു, അവർ പൊലീസിനെയും അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് സംശയം തോന്നിയ സബീനയെ അഞ്ചൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്.