വേനൽ കടുത്തു,​ ആശങ്ക ഉയർത്തി തീ പിടിത്തങ്ങളും

Monday 23 February 2026 1:40 AM IST

ആറ്റിങ്ങൽ: വേനൽ കടുത്ത് തുടങ്ങിയതോടെ ആശങ്കയുയർത്തി തീ പിടിത്തങ്ങളും വ്യാപകമാകുന്നു. നിലവിൽ കാടും പടർപ്പും പുൽമേടുകളുമാണ് കത്തുന്നതെങ്കിലും ആശങ്ക വലുതാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആറ്റിങ്ങൽ കല്ലമ്പലം മേഖലകളിൽ ഒരു ഡസനോളം സ്ഥലത്താണ് കുറ്റിക്കാടുകൾക്കും പുൽമേടുകൾക്കും തീ പിടിച്ചത്.

കഴിഞ്ഞ ദിവസങ്ങളിൽ ചെമ്പകമംഗലം മേഖലയിൽ രണ്ടിടങ്ങളിലായി വലിയ തീപിടിത്തമുണ്ടായി. കുറ്റിക്കാടും പുരയിടവുമാണ് കത്തിയതെങ്കിലും സമീപത്തായി പെട്രോൾ പമ്പും വാഹന വില്പന കേന്ദ്രങ്ങളും വ്യാപാരശാലകളും നിരവധി വീടുകളുമുണ്ടായിരുന്നു. ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും ശ്രമഫലമായാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ആറ്റിങ്ങൽ കൊല്ലംപുഴയിൽ കരിഞ്ഞുണങ്ങിയ വയലേലകളിലാണ് തീ പടർന്നത്. ആദ്യം നാട്ടുകാർ കാര്യമായെടുത്തില്ലെങ്കിലും അരമണിക്കൂർ കഴിയുമ്പോൾ തീ വിവിധ ഭാഗങ്ങളിലേക്ക് പടർന്നു വ്യാപിക്കുകയായിരുന്നു. ഇതോടെയാണ് നാട്ടുകാർ ആറ്റിങ്ങൽ ഫയർഫോഴ്സിന്റെ സഹായം തേടിയതും നാട്ടുകാർ തീ കെടുത്താൻ ഇറങ്ങിത്തിരിച്ചതും. ഏറെ നേരം നീണ്ടുനിന്ന പരിശ്രമങ്ങൾക്കൊടുവിൽ തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കി.

ഇവിടെയും വയലിന്റെ ഇരുകരകളിലും നിരവധി വീടുകളുണ്ട്.

ശ്രദ്ധിക്കണം

ചൂട് കടുത്തതോടെ കരിഞ്ഞുണങ്ങിയ കുറ്റിക്കാടുകളും പുല്ലുകളും ചെറിയൊരു തീപ്പൊരി കൊണ്ട് ആളിപ്പടരുന്ന അവസ്ഥയാണ്. ചില സ്ഥലങ്ങളിലെങ്കിലും കാടുകത്തിക്കാൻ വീട്ടുകാരോ നാട്ടുകാരോ ശ്രമിക്കുകയും തുടർന്ന് നിയന്ത്രിക്കാനാവാത്തവിധം പടരുന്ന അവസ്ഥയും നിലവിലുണ്ട്. തീ കത്തിത്തുടങ്ങുന്ന സ്ഥലത്ത് വീടുകൾ ഇല്ലെങ്കിലും തീ പടർന്നു പിടിക്കുമ്പോൾ ചുറ്റുവട്ടത്തുള്ള വീടുകളിലേക്കും പടരാൻ സാദ്ധ്യതയുണ്ട്. ഇത് തീപിടിത്തത്തിന്റെ ആശങ്ക വർദ്ധിപ്പിക്കുന്നു.

പുരവൂരിനു സമീപം മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടയിൽ ഉണങ്ങിയ പുല്ലിൽ തീ പടർന്നുപിടിച്ച സംഭവവുമുണ്ടായി. പുരയിടത്തിലുണ്ടായിരുന്ന വാഴകളും തെങ്ങിന്റെ ചുവടും കത്തി നശിച്ചു. ഇവിടെയും ആറ്റിങ്ങൽ അഗ്‌നിരക്ഷാസേനയെത്തി.

കെ.എസ്.ഇ.ബി ജീവനക്കാർക്കും ആശങ്ക

ഫയർഫോഴ്‌സിന് പുറമേ കെ.എസ്.ഇ.ബി ജീവനക്കാരും തീപിടിത്തത്തിന്റെ പിന്നാലെ പോകേണ്ട അവസ്ഥയാണ്. തറനിരപ്പിൽ ട്രാൻസ്ഫോർമറുകൾ സ്ഥാപിച്ചിട്ടുള്ളതിനാലാണ് കെ.എസ്.ഇ.ബി ജീവനക്കാർ ഇടപെടേണ്ടിവരുന്നത്. പുരയിടങ്ങളിൽ ചവുകൾ കത്തിക്കുമ്പോൾ കാറ്റിന്റെ ശക്തി നോക്കിവേണമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥാർ പറയാറുണ്ട്. കാറ്റ് ചെറിയ തീപ്പൊരിയെ ആളിക്കത്തിക്കാൻ കാരണമാകും.