അഞ്ചുതെങ്ങ്-പൊഴിയൂർ ഭാഗത്തെ യാത്രാക്ലേശത്തിന് പരിഹാരം
കടയ്ക്കാവൂർ: അഞ്ചുതെങ്ങ് ഉൾപ്പെടെയുള്ള തീരദേശവാസികളുടെ യാത്രാക്ലേശത്തിന് ആശ്വാസമായി അഞ്ചുതെങ്ങ്-പൊഴിയൂർ ഭാഗത്തേക്ക് കെ.എസ്.ആർ.ടി.സി സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ചു.
നിലവിൽ കണിയാപുരം, പൊഴിയൂർ ഡിപ്പോകളിൽ നിന്നുള്ള രണ്ട് ബസുകളിൽ ഇരുദിശകളിലുമായി എട്ടോളം സർവീസുമാണ് നടത്തിയിരുന്നത്. ഈ ട്രിപ്പുകളുടെ ആരംഭ സ്റ്റോപ്പുകളിൽ നിന്നുതന്നെ സീറ്റുകൾ യാത്രക്കാരെക്കൊണ്ട് നിറയുന്ന അവസ്ഥയിലുമായിരുന്നു.
റൂട്ട് ലാഭകരമായതോടെ കെ.എസ്.ആർ.ടി.സി വിഴിഞ്ഞം ഡിപ്പോയിൽ നിന്നുകൂടി ഒരു ബസ് ഏർപ്പെടുത്തുകയായിരുന്നു. ഇതോടെ ഈ ലൈനിലെ ബസുകളുടെ എണ്ണം 3 ആയി മാറി.ഒരു ബസുകൂടി എത്തിയതോടെ 8 ട്രിപ്പുകളായിരുന്നത് 12 ട്രിപ്പുകളായി മാറി. അഞ്ചുതെങ്ങിൽ നിന്ന് പൊഴിയൂരിലേയ്ക്ക് രാവിലെ 7, 9 (പൂവാർ), 10, ഉച്ചയ്ക്ക് 2, 3.45 (പൂവാർ) വൈകിട്ട് 5 എന്നിങ്ങനേയും, പൊഴിയൂരിൽ നിന്ന് അഞ്ചുതെങ്ങിലേയ്ക്ക് രാവിലെ 5.45 (പൊഴിയൂർ), 6.30, 10, ഉച്ചയ്ക്ക് 12 (പൂവാർ), 1.30, വൈകിട്ട് 5 എന്നിങ്ങനെയായി മാറിയിട്ടുണ്ട്.