അനധികൃത മത്സ്യബന്ധനം വ്യാപകം 3 ബോട്ടുകൾ അഴീക്കലിൽ പിടിയിൽ
കണ്ണൂർ: അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ബോട്ടുകൾ കേരള തീരത്ത് മത്സ്യബന്ധനം നടത്തുന്നത് വ്യാപകമാകുന്നതായി പരാതി. ഏറ്റവും ഒടുവിൽ, മംഗലാപുരത്തു നിന്നെത്തി കേരള തീരത്ത് നിരോധിത ലൈറ്റ് ഫിഷിംഗ് നടത്തിയ മൂന്ന് ബോട്ടുകൾ അഴീക്കൽ തുറമുഖ പരിധിയിൽ പിടിയിലായി. ഇന്നലെ പുലർച്ചെ ഒന്നരയോടെ കണ്ണൂർ മറൈൻ എൻഫോഴ്സ്‌മെന്റും ഫിഷറീസ് വകുപ്പും നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവർ പിടിയിലായത്. കർണാടക രജിസ്‌ട്രേഷനിലുള്ള വൈറ്റ് ക്രിസ്റ്റൽ, ശ്രീ മഹാമായ, കെ.വി.ആർ ഫിഷറീസ് എന്നീ വൻകിട ബോട്ടുകളാണ് അഴീക്കൽ തുറമുഖത്തു നിന്ന് 12 നോട്ടിക്കൽ മൈൽ അകലെ വെച്ച് പിടിക്കപ്പെട്ടത്. ബോട്ടുകളിൽ നിന്ന് ഗണ്യമായ മത്സ്യശേഖരവും കണ്ടെടുത്തു.
പിടിച്ചെടുത്ത ബോട്ടുകളിലെ മത്സ്യം ലേലത്തിലൂടെ വിറ്റഴിച്ചു. കേരള തീരത്ത് മത്സ്യബന്ധനാനുമതി ഇല്ലാതെ പ്രവർത്തിച്ചതിനും നിരോധിത ലൈറ്റ് ഫിഷിംഗ് ഉപകരണങ്ങൾ ഉപയോഗിച്ചതിനും ഒരോ ബോട്ടിനും ഏകദേശം രണ്ടരലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു. പിഴ അടച്ചാൽ ബോട്ടുകൾ തിരിച്ചു നൽകും. എന്നാൽ ഇത്തരം പിഴ ഈടാക്കിയാലും വീണ്ടും വന്ന് മത്സ്യം കൊള്ളയടിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതായി പരമ്പരാഗത തൊഴിലാളികൾ പറയുന്നു. ബോട്ടുകൾ കണ്ടുകെട്ടൽ, ക്രിമിനൽ കേസ്, ലൈസൻസ് റദ്ദാക്കൽ എന്നിങ്ങനെ കർശനമായ നടപടികൾ സ്വീകരിക്കാതെ ഈ പ്രശ്നം പരിഹരിക്കാനാകില്ലെന്നും അവർ പറയുന്നു.കേരള തീരം സംരക്ഷിക്കുന്നതിന് കൂടുതൽ പട്രോൾ ബോട്ടുകളും ജാഗ്രതയും ആവശ്യമാണെന്ന ആവശ്യവും ശക്തമാണ്.
ലൈറ്റ് ഫിഷിംഗ് സമുദ്രോപരിതലത്തിലും അടിത്തട്ടിലും ഒരേസമയം ഘടിപ്പിക്കുന്ന അതിശക്തമായ എൽ.ഇ.ഡി ലൈറ്റുകൾ ഉപയോഗിച്ച് മത്സ്യങ്ങളെ ആകർഷിച്ച് കൂറ്റൻ വലകളിൽ കൂട്ടത്തോടെ കുടുക്കുന്ന രീതിയാണിത്. ഒരൊറ്റ രാത്രി കൊണ്ട് ടൺ കണക്കിന് മത്സ്യം വാരിക്കൂട്ടാൻ ഈ സംവിധാനം ഉപയോഗിക്കുന്നവർക്ക് സാധിക്കും. സമുദ്രത്തിലെ ജൈവസന്തുലനം തകർക്കുന്ന ഈ രീതി കേരളത്തിൽ കർശനമായി നിരോധിച്ചിട്ടുള്ളതാണ്.
പരമ്പരാഗത തൊഴിലാളികൾ വലഞ്ഞു ഇത്തരം അനധികൃത മത്സ്യബന്ധനം വ്യാപകമായതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ കടുത്ത ഉപജീവന പ്രതിസന്ധിയിലാണ്. ദിവസങ്ങളോളം കടലിൽ അധ്വാനിച്ചിട്ടും വലയിൽ മത്സ്യം കിട്ടാത്ത അവസ്ഥയാണ്. അയൽ സംസ്ഥാന ബോട്ടുകൾ ഒരു രാത്രികൊണ്ട് കൊണ്ടുപോകുന്ന മത്സ്യം ഇവിടുത്തെ തൊഴിലാളികൾക്ക് ആഴ്ചകളോളം കഷ്ടപ്പെട്ടാലും ലഭിക്കില്ലെന്ന് മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.