നിർദ്ദേശങ്ങളുമായി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിലും ക്ഷേത്ര പരിസരങ്ങളിലും ദീപാലങ്കാരങ്ങൾ,താത്കാലിക വാണിജ്യ സ്റ്റാളുകൾ എന്നിവ സ്ഥാപിക്കുമ്പോൾ അപകടം ഒഴിവാക്കാൻ ഇൻസ്‌പെക്ടറേറ്റിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ ശ്രീകല.ആർ അറിയിച്ചു.
പൊതുസ്ഥലങ്ങളിൽ
വൈദ്യുത ദീപാലങ്കാരങ്ങൾ ലൈസൻസുള്ള ഇലക്ട്രിക്കൽ കോൺട്രാക്ടർ വഴി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പിന്റെ മുൻകൂർ അനുമതിയോടെ മാത്രമേ നടത്താവൂ. കമാനങ്ങൾ,ആർച്ച്, പൂപ്പന്തൽ,വാണിജ്യ സ്ഥാപനങ്ങൾ മുതലായവ വൈദ്യുത ലൈനുകൾ,ട്രാൻസ്‌ഫോമറുകൾ എന്നിവയിൽ നിന്നും നിയമാനുസൃതമായി അകലം പാലിക്കണം. ജനറേറ്റർ,ട്രാൻസ്‌ഫോമർ എന്നിവയുടെ സമീപത്ത് ചപ്പുചവറുകൾ കത്തിക്കാൻ പാടില്ല.
വാണിജ്യ സ്ഥാപനങ്ങൾ:
താത്കാലിക വാണിജ്യ സ്ഥാപനങ്ങളിൽ ദീപാലങ്കാര ജോലികൾ സ്വയം ചെയ്യുന്നത് ഒഴിവാക്കണം. ലൈസൻസുള്ള ഇലക്ട്രീഷ്യന്മാരുടെ സേവനം ഉപയോഗിക്കണം. താത്കാലിക വാണിജ്യ സ്ഥാപനങ്ങളിൽ കെ.എസ്.ഇ.ബി മീറ്റർ ബോർഡിൽ ഇ.എൽ.സി.ബി സംവിധാനം ഉൾപ്പെടുത്തേണ്ടതും മതിയായ എർത്തിംഗ് സംരക്ഷണം നൽകേണ്ടതുമാണ്. ലോഹ നിർമ്മിത തൂണുകൾ,ഹാൻഡ് റേയിലുകൾ എന്നിവയിൽ ഇലുമിനേഷൻ ലൈറ്റുകൾ സ്ഥാപിക്കുന്നത് ഒഴിവാക്കണം.