കിഫ്ബി റോഡിൽ ടാറിംഗ് നിലച്ചു , ജില്ല അതിർത്തിയിൽ യാത്രാദുരിതം
ആലപ്പുഴ: കിഫ്ബി പദ്ധതിയായ തേവലക്കര- കാഞ്ഞിരത്തിൻമൂട്,ചൂനാട് ഓച്ചിറ റോഡ് ടാറിംഗ് നിലച്ചിട്ട് രണ്ടാഴ്ച. ഒരുമാസത്തേക്ക് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണവും അനിശ്ചിതമായി നീളുന്നു. ഇതോടെ ജില്ലയുടെ തെക്ക് കിഴക്കൻ അതിർത്തി ഗ്രാമങ്ങളിലെ യാത്ര ദുരിതത്തിലാക്കി. ബി.എം ബി.സി നിലവാരത്തിൽ ടാർ ചെയ്തുവന്ന റോഡിന്റെ നിർമ്മാണമാണ് കാഞ്ഞിരത്തിൻമൂട് - ഓച്ചിറ സെക്ടറിൽ കൽക്കുളത്താൽപ്പാലത്തിന് സമീപം നിലച്ചത്. വീതി കൂട്ടി നവീകരിച്ച കൽക്കുളത്താൽപ്പാലവും അപ്രോച്ച് റോഡും അതിന്റെ കരാറേറ്റെടുത്ത കമ്പനി ടാർ ചെയ്യുന്നതിലുണ്ടായ കാലതാമസം കാരണം പ്രധാന പണി ഏറ്റെടുത്ത കമ്പനി തിരുവനന്തപുരത്തെ മറ്റൊരു റോഡിന്റെ ടാറിംഗിനായി പോയതാണ് നിർമ്മാണം നിലയ്ക്കാൻ കാരണം. ഇരുചക്ര വാഹനങ്ങളും അത്യാവശ്യ സർവീസുകളും ഒരു ലൈനിലൂടെ കടന്നുപോകാനാകുന്നത് മാത്രമാണ് ഏക ആശ്വാസം.
നിർമ്മാണ കമ്പനി സ്ഥലംവിട്ടു
1.ദേശീയ പാതയെയും കൊല്ലം - തേനി പാതയേയും ബന്ധിപ്പിക്കുന്ന 20 കിലോമീറ്ററോളം റോഡാണിത്.റോഡ് നവീകരണത്തിന്റെ ഭാഗമായി ജില്ലാ അതിർത്തിയായ മണപ്പള്ളിയിൽ നിന്ന് കാമ്പിശേരി, കാഞ്ഞിരത്തിൻമൂട്-ചൂനാട്-ഓച്ചിറ റോഡിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു
2.ഗതാഗതം വഴിതിരിക്കുകയും ടാറിംഗ് മുടങ്ങുകയും ചെയ്തതോടെ കിലോമീറ്ററുകൾ അധികം ഓടേണ്ട സ്ഥിതിയാണ്. നിർമ്മാണ സീസണായതിനാൽ ക്വാറി ഉൽപ്പന്നങ്ങളും മണ്ണും മറ്റ് സാധനസാമഗ്രികളുമായെത്തുന്ന വാഹനങ്ങളുമാണ് വട്ടംചുറ്റുന്നത്
3.ഉത്സവ സീസണിൽ നാട്ടിൻ പുറങ്ങളിലെ ആഘോഷ പരിപാടികളെയും ഗതാഗത നിയന്ത്രണം ബാധിച്ചിട്ടുണ്ട്.കെ.എസ്.ആർ.ടി.സി,സ്വകാര്യ ബസുകൾ കിലോമീറ്ററുകൾക്ക് അപ്പുറം വഴിതിരിഞ്ഞതോടെ കാമ്പിശേരി- കാഞ്ഞിരത്തിൻമൂട്,താമരക്കുളം- ചൂനാട് റോഡിലെ യാത്ര ക്ളേശപൂർണമായി
4.എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളും സ്കൂൾ വാർഷിക പരീക്ഷകളും അടുത്തുവരവെ വിദ്യാർത്ഥികളുടെ യാത്രയെയും ഗതാഗത നിയന്ത്രണം ബാധിക്കും.ബസുകൾ വഴിതിരിഞ്ഞതോടെ വള്ളികുന്നം അമൃത സ്കൂൾ, ചത്തിയറ സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികളുടെ യാത്രയും ദുരിതമായി
ടാറിംഗ് ജോലികൾ പൂർത്തിയാക്കിവരുന്നതിനിടെയാണ് നിർമ്മാണ കമ്പനി മറ്റെരു വർക്കുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തേക്ക് പോയത്. എത്രയും വേഗം നിർമ്മാണം പൂർത്തിയാക്കണം
- രഞ്ജിത്ത്,വള്ളികുന്നം.
കൽക്കുളത്താൽ പാലത്തിന്റെ ടാറിംഗ് മറ്റൊരു കരാർ കമ്പനി യഥാസമയം നടത്താതിരുന്നതാണ് കിഫ്.ബി വർക്കിന് തടസമായത്. ടാറിംഗ് ജോലികൾ ഉടൻ ആരംഭിക്കും.
- എൻജിനിയർ, കിഫ് ബി പ്രോജക്ട് ഓഫീസ്