കുംഭച്ചൂടിന് ആശ്വാസമായി വേനൽമഴ

Monday 23 February 2026 8:49 AM IST

ആലപ്പുഴ: ജില്ലയിൽ പെയ്ത വേനൽമഴ കുംഭച്ചൂടിന് ആശ്വാസമായി. ശനിയാഴ്ച വൈകുന്നേരം പെയ്ത മഴ ഞായറാഴ്ചത്തെ പകൽചൂടിന്റെ ആധിക്യം കുറച്ചു. വേനൽ വിളകളായ എള്ള്, പയർ, ചീര,പച്ചക്കറി വിളകൾ എന്നിവയ്ക്കെല്ലാം മഴ നേട്ടമായി. കൊടുംചൂടിൽ കുടിവെള്ളം പോലും ലഭിക്കാതിരുന്ന പ്രദേശങ്ങളിൽ കൊടും വരൾച്ചയ്ക്കും മഴ ആശ്വാസമായി. ജില്ലയുടെ തെക്ക് കിഴക്കൻ മേഖലകളിൽ കനാൽ തുറന്നുവിട്ടതിന് പിന്നാലെയെത്തിയ മഴ നീരുറവകളെ സജീവമാക്കി. ചൂട് കടുത്തതോടെ കിഴക്കൻ പ്രദേശങ്ങളായ നൂറനാട്, പടനിലം, ചാരുംമൂട്, താമരക്കുളം, വള്ളികുന്നം തുടങ്ങിയ പ്രദേശങ്ങളിൽ കൃഷി വ്യാപകമായി കരിഞ്ഞുണങ്ങിയിരുന്നു. വേനൽ കടുക്കുകയും കൽകരുടെ പ്രതിഷേധം ശക്തമാകുകയും ചെയ്തപ്പോഴാണ് ഇവിടങ്ങളിൽ കനാൽ തുറന്നുവിട്ടത്. ജനുവരി മുതൽ ഓരോദിവസവും ചൂട് ശക്തമായി തുടർന്നതോടെ കിണറുകളും കുളങ്ങളും വറ്റി വരണ്ട സ്ഥിതിയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞാരംഭിച്ച മഴ പലസ്ഥലങ്ങളിലും രാത്രി വരെ നീണ്ടു. സാമാന്യം ശക്തമായി പെയ്ത മഴ ദേശീയപാതയിലുൾപ്പെടെ പൊടി ശല്യം കുറച്ചത് യാത്രക്കാക്കും അനുഗ്രഹമായി. കുംഭഭരണി കെട്ടുകാഴ്ചകൾ ഒരുക്കിയ മാവേലിക്കരയിലും പകൽചൂട് കുറയ്ക്കാൻ മഴ അനുഗ്രഹമായി. അതേസമയം,​ കുട്ടനാട്ടിൽ നെൽച്ചെടികൾ പല പാടങ്ങളിലും മഴയിലും കാറ്റിലും ഒടിഞ്ഞത് പുഞ്ചക്കൊയ്‌ത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മഴ വീണ്ടും തുടരുകയും ജലനിരപ്പ് ഉയരുകയും ചെയ്താൽ വിളവെടുപ്പിനെ ബാധിക്കും. വെറ്റില കർഷകർക്കും വേനൽ മഴ തുടരുന്നത് ദോഷമാണ്. കൊടും ചൂടിലുണ്ടാകുന്ന മഴ വെറ്റിലയിൽ കീടബാധയ്ക്ക് കാരണമാകുമെന്നതാണ് കർഷകരുടെ ആശങ്ക.