വേനൽ മഴ: കർഷകർക്ക് ആശ്വാസവും ആശങ്കയും..!

Monday 23 February 2026 12:25 AM IST

  • കൊയ്‌തെടുത്ത നെല്ല് പാടത്ത് കെട്ടിക്കിടക്കുന്നു

തൃശൂർ: ഒരു ഭാഗത്ത് വെള്ളത്തിന്റെ ലഭ്യത കുറവെങ്കിൽ, മറുഭാഗത്ത് കൊയ്‌തെടുത്ത നെല്ല് മില്ലുകാർ കൊണ്ടുപോകാത്തതിലുള്ള ആശങ്ക. കഴിഞ്ഞ ദിവസം രാത്രി ജില്ലയുടെ പല ഭാഗങ്ങളിലും വേനൽ മഴ പെയ്തതോടെ ആശങ്കയിലാണ് ജില്ലയിലെ നെൽക്കർഷകർ. കൃത്യമായ സമയത്ത് വെള്ളം തുറന്നു വിടാത്തതിനെ തുടർന്ന് പല സ്ഥലങ്ങളിലും ഉണക്കുഭീഷണിയുമുണ്ട്. ഇവർക്ക് മഴ ആശ്വാസമായിരിക്കുകയാണ്. ഉണക്കുഭീഷണി വന്നത് പ്രതിഷേധത്തിന് ഇടയാക്കിയതോടെ ജില്ലാ കളക്ടർ, വീഴ്ച്ച വരുത്തിയ ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിര കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ്. ഇതിനിടയിലാണ് ഒരു ഭാഗത്ത് കൊയ്‌തെടുത്ത നെല്ല് കരാറെടുത്ത മില്ലുകാർ കയറ്റിക്കൊണ്ടുപോകാതെ പാടത്ത് കൂട്ടിയിട്ടിരിക്കുന്നത്. അരിമ്പൂർ, തെക്കുംകര പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെല്ലാം ഒരാഴ്ച്ചയിലേറെയായി കൊയ്‌തെടുത്ത നെല്ല് പാടത്ത് കൂട്ടിയിട്ടിരിക്കുകയാണ്. അരിമ്പൂരിൽ പാഡി വിഭാഗത്തിന്റെ ഇടപെടലിനെ തുടർന്ന് ഇന്നലെ നെല്ല് മില്ലുകാർ ലോറികളിൽ കയറ്റുന്നുണ്ട്. മഴ കൂടിയാൽ പാടത്തേക്ക് ലോറികൾ ഇറക്കാൻ സാധിക്കാത്ത സ്ഥിതിവിശേഷം ഉണ്ടാകും.

മില്ലുകാരുടെ വിലപേശൽ

ഗുണനിലവാരം സംബന്ധിച്ച് മില്ലുകാരുടെ വിലപേശൽ നെൽക്കർഷകരെ ദുരിതത്തിലാക്കുന്നുണ്ട്. ഉണങ്ങാത്തതും പതിരും ചൂണ്ടിക്കാട്ടി കൂടുതൽ കിഴിവ് മില്ലുകാർ ആവശ്യപ്പെടുന്നത് പ്രതിസന്ധിയുണ്ടാക്കുന്നു. പല സ്ഥലങ്ങളിലും ആറു ശതമാനം കിഴിവ് വരെ ആവശ്യപ്പെടുന്നുണ്ട്. ഒടുവിൽ കർഷകരും പാടശേഖര സമിതികളും ചേർന്ന് വിലപേശി ഒന്നര മുതൽ നാലു ശതമാനം വരെ കിഴിവ് നൽകി നെല്ല് നൽകുകയാണ് ചെയ്യുന്നത്. ചിലർ മില്ലുകാരുടെ വിലപേശലിന് വഴങ്ങാതെ പാടത്ത് തന്നെ നെല്ല് വ്യത്തിയാക്കി ഉണക്കിയശേഷം നൽകുന്നവരുമുണ്ട്. സംസ്ഥാനത്ത് 38 മില്ലുകാരാണ് നെല്ല് സംഭരണത്തിന് സപ്ലൈകോയുമായി കരാർ ഒപ്പിട്ടിരിക്കുന്നത്.

വൈക്കോലിനും വില കുറഞ്ഞു

മുൻ കാലങ്ങളിൽ വൈക്കോൽ ഇനത്തിൽ കർഷകർക്ക് വലിയ തുക ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ വൈക്കോൽ എടുക്കുന്നവർ കുറവ് വിലയേ നൽകുന്നുള്ളു. മുൻകാലങ്ങളിൽ 130 രൂപ മുതൽ 180 വരെ ഒരു കെട്ടിന് ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ 80 മുതൽ നൂറു മാത്രമാണ് ലഭിക്കുന്നത്.

ഓഫീസർ ഇല്ല

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന ജില്ലകളിലൊന്നായ തൃശൂരിൽ സ്ഥിരമായി പാഡി ഓഫീസർ ഇല്ലാത്ത സാഹചര്യമാണ്. നിലവിലുണ്ടായിരുന്ന പാഡി ഓഫീസർ സ്ഥലം മാറി പോയതോടെ ഏറണാകുളം ജില്ലയിലെ പാഡി ഓഫീസർക്കാണ് ചുമതല.