യുക്രെയിൻ ഡ്രോൺ ആക്രമണം: റഷ്യയിൽ വ്യോമഗതാഗതം തടസപ്പെട്ടു

Monday 23 February 2026 1:26 AM IST

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയെ ലക്ഷ്യമിട്ട് യുക്രെയിൻ നടത്തിയ ഡ്രോൺ ആക്രമണം വ്യോമഗതാഗതത്തെ തടസപ്പെടുത്തി. യുക്രെയിനിൽ റഷ്യൻ ആക്രമണം തുടങ്ങിയിട്ട് നാളെ നാല് വർഷം തികയാനിരിക്കെയാണ് സംഭവം. പ്രാദേശിക സമയം, ഇന്നലെ ഉച്ചയ്ക്ക് 2 മുതൽ 71 ഡ്രോണുകളാണ് റഷ്യൻ വ്യോമാതിർത്തിയിലേക്ക് പ്രവേശിച്ചത്. ഇതിൽ 11 എണ്ണം മോസ്കോയെ ലക്ഷ്യമിട്ടുള്ളതായിരുന്നു. മുഴുവൻ ഡ്രോണുകളും ലക്ഷ്യസ്ഥാനത്ത് എത്തുംമുന്നേ റഷ്യ തകർത്തു. ആളപായമോ കാര്യമായ നാശനഷ്ടമോ ഇല്ല.

സുരക്ഷ മുൻനിറുത്തി മോസ്കോയിലെ നാല് വിമാനത്താവളങ്ങൾ ഒരു മണിക്കൂറിലേറെ അടച്ചിട്ടുള്ളു. നൂറിലേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഭീഷണി ഒഴിഞ്ഞതോടെ പ്രവർത്തനം സാധാരണനിലയിലായി. ഇന്നലെ പുലർച്ചെ 297 ഡ്രോണുകളും 50 മിസൈലുകളും റഷ്യ യുക്രെയിനിലേക്ക് വിക്ഷേപിച്ചിരുന്നു. കീവിൽ ഒരാൾ കൊല്ലപ്പെട്ടു.

അതേസമയം, യുക്രെയിൻ ഡ്രോണുകൾ മോസ്കോ അടക്കം റഷ്യൻ നഗരങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നതും വിമാന സർവീസുകൾ തടസപ്പെടുന്നതും ആദ്യമല്ല. ഈ മാസം 17ന് റഷ്യയുടെ വിവിധ ഭാഗങ്ങളിലായി 150ലേറെ യുക്രെയിൻ ഡ്രോണുകളെയാണ് തകർത്തത്.