ഭരണി മഹോത്സവം: കൊടിയേറ്റം ഇന്ന്
Monday 23 February 2026 12:37 AM IST
കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ മാർച്ച് 15 മുതൽ 22 വരെ ആഘോഷിക്കുന്ന ഭരണി മഹോത്സവത്തിന്റെ കൊടിയേറ്റം 23ന് നടക്കും. ക്ഷേത്രത്തിലെ പാരമ്പര്യ അവകാശികളായ മലയൻ തട്ടാൻ സമുദായത്തിൽപ്പെട്ട കാവിൽ വീട്ടുകാർക്കാണ് കൊടിയേറ്റത്തിന്റെ ചടങ്ങുകൾ നടത്താൻ അവകാശം. വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ നൽകിയ രണ്ട് പവിഴ മാലകൾ ധരിച്ചാണ് കൊടിയേറ്റത്തിന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കാവിൽ വീട്ടുകാർ ക്ഷേത്രത്തിലെത്തിച്ചേരുക. ഇന്നലെ രാവിലെ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ പവിഴമാലകൾ അവകാശികൾക്ക് നൽകി. ദേവസ്വം മാനേജർ കെ.വിനോദ്, സി.കെ.ശേഖരൻ, ഉപദേശക സമിതി പ്രസിഡന്റ് കെ.കെ.ഭരതൻ, സെക്രട്ടറി വി.സന്തോഷ് എന്നിവർ നേതൃത്വം നൽകി.