സർക്കാരിന്റെ നല്ല കാര്യങ്ങളിൽ ചിലർക്ക് മനഃപ്രയാസം :മുഖ്യമന്ത്രി
തിരുവനന്തപുരം;സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് സ്വീകാര്യത വരുമ്പോൾ ചിലർക്ക് വല്ലാത്ത മനഃപ്രയാസമാണെന്നും എന്ത് നല്ല കാര്യമുണ്ടായാലും വക്രീകരിക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് ആദ്യ എഡിഷന്റെ ഗ്രാൻഡ് ഫിനാലെയും സമാപന സമ്മേളനവും സമ്മാനദാനവും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥികൾക്കുള്ള ക്വിസ് മത്സരം വിമർശിക്കപ്പെടേണ്ടതല്ല. എന്നാൽ കുട്ടികൾ കേരളത്തിലെ മാറ്റങ്ങളൊന്നും മനസിലാക്കാൻ പാടില്ലെന്ന മാനസികാവസ്ഥയുള്ള ചിലർ ഇതിനെയും വിവാദമാക്കി . ആര് തപസു ചെയ്താലും ഇന്ദ്രപദം തട്ടിയെടുക്കാനാണെന്ന് ഇന്ദ്രൻ ഭയപ്പെടുന്നതു പോലെയാണ് ചിലർ. വിദ്യ നിഷേധിക്കപ്പെട്ടിടത്ത് നിന്നും എല്ലാ കുഞ്ഞുങ്ങൾക്കും നിലവാരമുള്ള വിദ്യാഭ്യാസം കിട്ടുന്ന ഇടമായി കേരളം മാറി. നാടിനുണ്ടായ മാറ്റങ്ങൾ അവർ പഠിക്കണം. അതിൽ അസഹിഷ്ണുത പ്രകടിപ്പിക്കുന്നവരെ പ്രോത്സാഹിപ്പിക്കരുത്.കേരളത്തെ അപകീർത്തിപ്പെടുത്താൻ സിനിമകളെ ഉപയോഗിക്കുന്നു. യാഥാർത്ഥ്യം അതല്ലെന്ന് സമൂഹത്തെ അറിയിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയണം. കേരളത്തിന്റെ ചരിത്രത്തെയും വർത്തമാനകാല യാഥാർത്ഥ്യങ്ങളെയും കുറിച്ച് വ്യക്തമായ അറിവും കാഴ്ചപ്പാടുമുള്ളവരാണ് നമ്മുടെ കുട്ടികളെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ.കെ.വാസുകി,പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ് .കെ ഉമേഷ്, കോളേജ് വിദ്യാഭ്യാസ ഡയറക്ടർ കെ.സുധീർ, പബ്ലിക് റിലേഷൻസ് ഡയറക്ടർ ടി.വി .സുഭാഷ് എന്നിവർ പങ്കെടുത്തു.
വായനയ്ക്ക്
ഗ്രേസ് മാർക്ക്
സ്‌കൂൾ വിദ്യാർത്ഥികളിൽ വായന പ്രോത്സാഹിപ്പിക്കാൻ ഗ്രേസ് മാർക്ക് നൽകുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കാനാണ് ആലോചിക്കുന്നത്. പ്രോജക്ട് അടിസ്ഥാനത്തിലാണ് പത്തു മാർക്ക് ഗ്രേസ് മാർക്കായി നൽകുകയെന്നും മന്ത്രി പറഞ്ഞു.