ശരവേഗത്തിൽ പായും, മീററ്റ് മെട്രോ രാജ്യത്തിന് സമർപ്പിച്ചു
ഡൽഹി-മീററ്റ് നമോഭാരത് ഇടനാഴിയുടെയും ഉദ്ഘാടനം
ന്യൂഡൽഹി: രാജ്യത്തിന്റെ ആധുനിക റെയിൽ ശൃംഖലയ്‌ക്ക് മുതൽക്കൂട്ടായ മീററ്റ് മെട്രോയും ഡൽഹി-മീററ്റ് നമോഭാരത് ആർ.ആർ.ടി.എസ് ഇടനാഴിയും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ മെട്രോ ശൃംഖലയാണ് മീററ്റ് മെട്രോ. രാജ്യത്തെ ഇരുനഗരങ്ങളെ ബന്ധിപ്പിക്കുന്ന ആദ്യത്തെ സെമി ഹൈസ്‌പീഡ് നമോഭാരത് ആർ.ആർ.ടി.എസ് (റീജനൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം) ഇടനാഴി 82.15 കിലോമീറ്ററാണ്. ഇതിൽ നിർമ്മാണം ബാക്കിയുണ്ടായിരുന്ന ഡൽഹി സരായ് കാലെ ഖാൻ- ന്യൂ അശോക് നഗർ 5 കി.മീ സ്ട്രെച്ചും ഉത്തർപ്രദേശിലെ മീററ്റ് സൗത്ത്-മോദിപുരം 21 കി.മീ സ്ട്രെച്ചും രാജ്യത്തിന് സമർപ്പിച്ചു. മീററ്റിലെ ശതാബ്‌ദി നഗർ നമോ ഭാരത് സ്റ്റേഷനിൽ മീററ്റ് മെട്രോയും, നമോ ഭാരത് ട്രെയിനും മോദി ഫ്ലാഗ് ഓഫ് ചെയ്‌തു. നമോ ഭാരത് ട്രെയിൻ സംവിധാനത്തിനായി നിർമ്മിച്ച അതേ ട്രാക്കും അടിസ്ഥാനസൗകര്യങ്ങളുമാണ് മെട്രോ സർവീസിനും ഉപയോഗിക്കുന്നതെന്ന പ്രത്യേകതയുണ്ട്. ഇന്ത്യയിൽ ആദ്യമായി ഒരു പ്ലാറ്റ്‌ഫോമിൽ നിന്ന് ഒരേദിവസം റാപ്പിഡ് റെയിലും മെട്രോ സർവീസും ആരംഭിച്ചുവെന്ന് മോദി ചൂണ്ടിക്കാട്ടി. മീററ്റ് മെട്രോയിൽ യാത്ര ചെയ്‌ത് വിദ്യാർത്ഥികളുമായും യാത്രക്കാരുമായും മോദി സംവദിച്ചു.
ഊർജ്ജത്തിന്റെ പുതിയ കുതിപ്പ്
വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്കുള്ള ഊർജ്ജത്തിന്റെ പുതിയ കുതിപ്പെന്ന്, ഫ്ളാഗ് ഓഫ് ചടങ്ങിന് ശേഷമുള്ള പൊതുറാലിയിൽ മോദി പറഞ്ഞു. മിക്ക ട്രെയിൻ ഓപ്പറേറ്റർമാരും സ്റ്റേഷൻ കൺട്രോൾ ജീവനക്കാരും സ്ത്രീകളാണ്. നാരീശക്തിയുടെ പ്രതീകമാണിത്. ഇന്ന് ലോകം ഇന്ത്യയെ കാണുന്നത് 21ാം നൂറ്റാണ്ടിലെ വെല്ലുവിളികൾ പരിഹരിക്കാൻ കഴിവുള്ള ശക്തികേന്ദ്രമായിട്ടാണ്. 2014ന് മുമ്പ് മെട്രോ സർവീസുകൾ 5 നഗരങ്ങളിൽ മാത്രമേ എത്തിയിരുന്നുള്ളൂ, എന്നാലിപ്പോൾ 25ലധികം നഗരങ്ങളിൽ മെട്രോ സർവീസുണ്ട്. ലോകത്തിലെ മൂന്നാമത്തെ വലിയ മെട്രോ ശൃംഖല ഇന്ത്യയിലാണെന്നും മോദി കൂട്ടിച്ചേർത്തു. 12930 കോടിയുടെ വികസനപദ്ധതികൾക്കും മീററ്റിൽ തുടക്കം കുറിച്ചു.
ഡൽഹി-മീററ്റ് നമോഭാരത് ആർ.ആർ.ടി.എസ് ഇടനാഴി
1.ഡൽഹിയിലെ സരായ് കാലെ ഖാൻ നമോ ഭാരത് സ്റ്റേഷനിൽ നിന്ന് 82.15 കിലോമീറ്ററുള്ള കോറിഡോർ ആരംഭിക്കുന്നു
2.ഡൽഹിയിൽ കൂടി കടന്നുപോകുന്ന 14 കിലോമീറ്ററിൽ 9 കി.മീ എലിവേറ്റഡ്, 5 കി.മീ അണ്ടർഗ്രൗണ്ടിലൂടെ.
3.ഉത്തർപ്രദേശിലൂടെ 68 കി.മീ കടന്നുപോകും
4.യാത്രാസമയം 60 മിനിട്ടിൽ താഴെ
5.മണിക്കൂറിൽ 180 കിലോമീറ്ററിൽ കുതിക്കും
6.വേഗതയേറിയ പ്രാദേശിക കണക്ടിവിറ്റി ഉറപ്പാക്കും
7.സാഹിബാബാദ്, ഗാസിയാബാദ്, മോദിനഗർ, മീററ്റ് നഗരങ്ങളിലേക്കുള്ള യാത്ര വേഗതയുള്ളതാക്കും
മീററ്റ് മെട്രോ സർവീസ്
1.മീററ്റ് സൗത്തും മോദിപുരവും തമ്മിൽ ബന്ധിപ്പിക്കുന്നത്. 12 സ്റ്റേഷനുകൾ.
2.മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ പായും. 21 കിലോമീറ്റർ സ്ട്രെച്ച്.
3.യാത്രാസമയം അരമണിക്കൂർ മാത്രം
4. ഫുൾ എ.സിയുള്ള മൂന്ന് കോച്ചുകൾ
5. മഞ്ഞ,പച്ച, ഓറഞ്ച് ഡിസൈനുള്ള ലൈറ്ര് വെയ്റ്റ് സ്റ്റെയിൻലെസ് സ്റ്റീൽ ബോഗി
6. സി.സി.ടി.വി, യു.എസ്.ബി പോർട്ടുകൾ
7. 700ൽപ്പരം യാത്രക്കാർക്ക് ഒരേസമയം സഞ്ചരിക്കാനാകും
8. സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേകമായി നിക്കിവച്ചത് അടക്കം 173 സീറ്റുകളുണ്ടാകും.