കൊളൊണിയൽ ശേഷിപ്പുകൾ വേണ്ട എഡ്വിൻ ലുറ്റിയൻസിന്റേതിനു പകരം രാജാജിയുടെ പ്രതിമ
രാഷ്ട്രപതി ഭവന്റെ മുറ്റത്ത് ഇന്ന് അനാവരണം
പ്രഖ്യാപനം 'മൻ കി ബാത്തിൽ'
സ്വതന്ത്രഭാരതത്തിലെ ആദ്യ ഭാരതീയ ഗവർണർ ജനറൽ
ന്യൂഡൽഹി: ബ്രീട്ടീഷ് കൊളൊണിയൽ ഭരണത്തിന്റെ ശേഷിപ്പുകൾ തൂത്തെറിയുന്നതിന്റെ ഭാഗമായി ബ്രിട്ടീഷ് ആർക്കിടെക്ട് എഡ്വിൻ ലുറ്റിയൻസിന്റെ പ്രതിമയ്‌ക്കു പകരം സി. രാജഗോപാലാചാരിയുടെ പ്രതിമ രാഷ്ട്രപതിഭവനു മുന്നിൽ സ്ഥാപിക്കുന്നു. സ്വതന്ത്രഭാരതത്തിലെ ആദ്യ ഭാരതീയ ഗവർണർ ജനറലിന്റെ പ്രതിമ രാഷ്ട്രപതിഭവന്റെ മുറ്റത്ത് ഇന്ന് അനാവരണം ചെയ്യുന്ന വിവരം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇന്നലെ പ്രഖ്യാപിച്ചത്. രാഷ്ട്രപതി ഭവനിൽ ഇന്ന് 'രാജാജി ഉത്സവം' ആഘോഷിക്കുമെന്ന് 'മൻ കി ബാത്തിൽ മോദി അറിയിച്ചു. നാളെ മുതൽ മുതൽ മാർച്ച് 1 വരെ രാജഗോപാലാചാരിയെക്കുറിച്ചുള്ള പ്രത്യേക പ്രദർശനവും സംഘടിപ്പിക്കും. ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന സന്ദേശത്തിൽ ആഹ്വാനം ചെയ്‌ത പഞ്ചപ്രതിജ്ഞകളിൽ ഒന്നാണ് അടിമത്ത മാനസികാവസ്ഥയിൽ നിന്നുള്ള വിമുക്തി. രാജ്യം ഇന്ന് അടിമത്തത്തിന്റെ അടയാളങ്ങളെ പിന്നിലാക്കി ഭാരത സംസ്കാരവുമായി ബന്ധപ്പെട്ട കാര്യങ്ങളെ വിലമതിക്കാൻ തുടങ്ങിയിരിക്കുന്നു. അധികാരത്തെ പദവിയായിട്ടല്ല, സേവനമായി കണ്ടവരിൽ ഒരാളായിരുന്നു രാജാജി എന്ന സി. രാജഗോപാലാചാരി. പൊതുജീവിതത്തിലെ അദ്ദേഹത്തിന്റെ പെരുമാറ്റം,ആത്മസംയമനം,സ്വതന്ത്ര ചിന്ത എന്നിവ ഇന്നും നമ്മെ പ്രചോദിപ്പിക്കുന്നു. നിർഭാഗ്യവശാൽ സ്വാതന്ത്ര്യത്തിനുശേഷവും ബ്രിട്ടീഷ് ഭരണാധികാരികളുടെ പ്രതിമകൾ രാഷ്ട്രപതി ഭവനിൽ തുടരാൻ അനുവദിച്ചു, പക്ഷേ രാജ്യത്തിന്റെ മഹത് സന്തതികൾക്ക് ഒരു സ്ഥാനവും നൽകിയില്ല. ആ സാഹചര്യത്തിലാണ് എഡ്വിൻ ലുറ്റിയൻസിന്റെ പ്രതിമയ്‌ക്കു പകരം രാജാജിയുടെ പ്രതിമ സ്ഥാപിക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു.