തപാൽ മേഖലയിലെ സഹകരണം: ഇന്ത്യ-ബ്രസീൽ ധാരണ
Monday 23 February 2026 1:19 AM IST
ന്യൂഡൽഹി: തപാൽ മേഖലയിലെ പരസ്‌പര സഹകരണം ശക്തമാക്കാൻ ഇന്ത്യയും ബ്രസീലും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. ഡൽഹിയിലെ എ.ഐ ഉച്ചകോടിയിൽ പങ്കെടുക്കാൻ ബ്രസീൽ പ്രസിഡന്റ് ലുയിസ് ലൂലാ ഡിസിൽവയും അവിടുത്തെ മന്ത്രിതല സംഘവും എത്തിയിരുന്നു. ഇതിനിടെ കേന്ദ്ര കമ്യൂണിക്കേഷൻസ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും, ബ്രസീൽ വാർത്താവിനിമയ മന്ത്രി ഫ്രെഡറിക്കോ ഡി സിക്വീറ ഫിലോയും ചേർന്ന് ധാരണാപത്രത്തിൽ ഒപ്പുവയ്‌ക്കുകയായിരുന്നു. തപാൽ സേവനങ്ങൾ, ഡിജിറ്റൽ പരിവർത്തനം, എല്ലാവരെയും ഉൾക്കൊള്ളുന്ന സേവന വിതരണം എന്നിവയിൽ ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതാണ് കരാർ. ഇന്ത്യയിലെ തപാൽ വകുപ്പും, ബ്രസീലിലെ വാർത്താവിനിമയ മന്ത്രാലയവും തമ്മിലെ തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കാനും തപാൽമേഖലയിലെ അറിവുകൾ കൈമാറാനും ധാരണയായി.