പഫ്‌സ് കഴിക്കവേ കുഴഞ്ഞു വീണ് 21കാരന് ദാരുണാന്ത്യം
Monday 23 February 2026 2:05 AM IST
വൈപ്പിൻ: വീട്ടിലിരുന്ന് പഫ്‌സ് കഴിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട 21-കാരൻ കുഴഞ്ഞുവീണ് മരിച്ചു. മുനമ്പം കുറുപ്പശേരി അജിയുടെ മകൻ ആന്റോൺ (21) ആണ് മരിച്ചത്. ലോജിസ്റ്റിക്സ് വിദ്യാർത്ഥിയായിരുന്നു.
ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. പള്ളിയിൽ പോയി മടങ്ങിയെത്തിയ ശേഷം വീട്ടിലിരുന്ന് പഫ്‌സ് കഴിക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭക്ഷണം ശ്വാസനാളത്തിൽ കുടുങ്ങിയതാണോ പെട്ടെന്നുണ്ടായ ഹൃദയാഘാതമാണോ മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാലേ വ്യക്തമാകൂ. അമ്മ: മേരി. സഹോദരൻ: സാൻട്രോൺ. മൃതദേഹം കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.