17കാരിയെ പീഡിപ്പിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ

Monday 23 February 2026 2:25 AM IST

കോന്നി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വശീകരിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ കോന്നി പൊലീസ് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. തണ്ണിത്തോട് മൂഴി അശ്വതി ഭവനത്തിൽ അനന്തു (26), തണ്ണിത്തോട് കൂത്താടിമൺ വലിയതറയിൽ അഭിജിത്ത് (28) എന്നിവരാണ് പിടിയിലായത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച അഭിജിത്ത് പത്തനംതിട്ടയിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തായ അനന്തുവിന് അയച്ചുകൊടുക്കുകയുമായിരുന്നു. ദൃശ്യങ്ങൾ പെൺകുട്ടിക്ക് വാട്സ് ആപ്പിൽ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തിയ അനന്തു കുട്ടിയെ പൂങ്കാവിലെ വാടക വീട്ടിലെത്തിച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി. അനന്തുവിനെ വി.കോട്ടയത്തെ വാടകവീട്ടിൽ നിന്നും അഭിജിത്തിനെ എറണാകുളത്ത് നിന്നുമാണ് പിടികൂടിയത്. ഇൻസ്പെക്ടർ രാജഗോപാൽ, എസ്.ഐ ശ്യാം, പൊലീസ് ഉദ്യോഗസ്ഥരായ സൈഫുദ്ദീൻ, അഭിലാഷ്, അമൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്തു.