11 പവൻ സ്വർണവും 6500 രൂപയും മോഷ്ടിച്ചു
നാദാപുരം: വീട്ടുകാർ ക്ഷേത്ര ഉത്സവ ഘോഷയാത്ര കാണാൻ പോയ തക്കത്തിന് വീട് കുത്തിത്തുറന്ന് 11 പവൻ സ്വർണവും 6500 രൂപയും കവർന്നു. ഇരിങ്ങണ്ണൂർ ടൗണിനടുത്ത് കുഴങ്ങാളി കുഞ്ഞിരാമന്റെ വീട്ടിൽനിന്നാണ് സ്വർണവും പണവും മോഷണം പോയത്. കഴിഞ്ഞ ശനിയാഴ്ച സന്ധ്യക്ക് വീട്ടുകാർ ഇരിങ്ങണ്ണൂർ വേങ്ങേരി ഭഗവതി ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട ഘോഷയാത്ര കാണാൻ ഇരിങ്ങണ്ണൂർ ടൗണിൽ പോയ സമയത്താണ് മോഷണം നടന്നത്. രാത്രി 8.45ന് വീട്ടുകാർ തിരിച്ചെത്തുമ്പോഴാണ് മുകളിലെ വരാന്തയിലെ വാതിൽ തുറന്നതായി ശ്രദ്ധയിൽ പെടുന്നത്. താഴത്തെ നിലയിൽ മുൻവശത്തെ വാതിൽ പൂട്ടിയ നിലയിൽ തന്നെയായിരുന്നു. കുഞ്ഞിരാന്റെ രണ്ടാമത്തെ മകന്റെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും തൊട്ടടുത്ത മുറിയിലെ ബാഗിൽ സൂക്ഷിച്ചിരുന്ന പണവുമാണ് നഷ്ടപ്പെട്ടത്. 30,000 രൂപയുടെ കെട്ടിൽ നിന്നാണ് 6500 രൂപ മോഷ്ടിച്ചത്. വീട്ടിലെ വളർത്തു നായ കുരക്കുന്നത് കേട്ടതായി സമീപ വാസികൾ പറഞ്ഞു. വീടിനു മുന്നിൽ ഒരു ബൈക്ക് നിർത്തിയിട്ടത് അയൽവാസികൾ കണ്ടിരുന്നു. നാദാപുരം പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.