ബാർ വളപ്പിൽ യുവാവിന് മർദ്ദനം: 5 പേർ അറസ്റ്റിൽ
ആലുവ: ബാറിന്റെ പാർക്കിംഗ് ഏരിയയിൽ കൗമാരക്കാരനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച യുവാവിനെതിരെ ആൾക്കൂട്ട അക്രമണം. ചൂണ്ടി എട്ടേക്കർ പള്ളിക്കു സമീപം ജോജി ജോൺ (36) നാണ് മർദ്ദനമേറ്റത്. ആലുവ എടത്തല ചുണങ്ങുംവേലിയിലെ ബാറിന്റെ പാർക്കിംഗ് ഏരിയയിൽ ഫെബ്രുവരി 10നുണ്ടായ സംഭവത്തിൽ അഞ്ച് പേരെ എടത്തല പൊലീസ് അറസ്റ്റ് ചെയ്തു.
എടത്തല പുഷ്പ നഗർ കോളനി തോപ്പിൽ പറമ്പിൽ ഫിറോസ് (26), സുൾഫിക്കർ (26), പള്ളിക്കപ്പാറ ഉമർ മുക്താർ (20), പുഷ്പ നഗർ പുത്തൻപുരയ്ക്കൽ ഉജ്വൽ (21), കുരിയക്കാട്ടിൽ അഷീം (21) എന്നിവരാണ് പിടിയിലായത്.
പരിക്കേറ്റ ജോജി സ്വകാര്യ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലാണ്. മദ്യക്കുപ്പിയും മറ്റും ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ സി.സി ടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. 17നാണ് ജോജി എടത്തല പൊലീസിൽ പരാതി നൽകിയത്. ഇൻസ്പെക്ടർ കെ. സിനോദ്, സബ് ഇൻസ്പെക്ടർ അരുൺദേവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.