ആർട്ടെമിസ് 2 വിക്ഷേപണം മാറ്റി

Monday 23 February 2026 7:09 AM IST

വാഷിംഗ്ടൺ: മാർച്ച് ആറിന് ലക്ഷ്യമിട്ടിരുന്ന ആർട്ടെമിസ് 2 ചാന്ദ്ര ദൗത്യത്തിന്റെ വിക്ഷേപണം മാറ്റിവച്ച് നാസ. ദൗത്യത്തിന് ഉപയോഗിക്കുന്ന റോക്കറ്റായ എസ്.എൽ.എസിന്റെ (സ്‌പേസ് ലോഞ്ച് സിസ്റ്റം) അപ്പർ സ്റ്റേജിലെ ഹീലിയം പ്രവാഹ തടസം മുൻനിറുത്തിയാണ് തീരുമാനം. ഇത് പരിഹരിച്ച ശേഷം ഏപ്രിലിലോ അതിന് ശേഷമോ ഉള്ള ഉചിതമായ സമയത്താകും വിക്ഷേപണം.

ലോകത്ത് ഉപയോഗത്തിലുള്ള റോക്കറ്റുകളിൽ ഏറ്റവും ശക്തമാണ് എസ്.എൽ.എസ്. 322 അടി ഉയരമുള്ള എസ്.എൽ.എസ്, ദൗത്യത്തിലെ ഒറിയോൺ പേടകത്തെ വഹിക്കും.

എസ്.എൽ.എസിൽ നിന്ന് വേർപെടുന്ന ഒറിയോൺ 4 യാത്രികരുമായി ചന്ദ്രന്റെ അടുത്തുകൂടി പറന്ന് ഭൂമിയെ രണ്ട് തവണ ഭ്രമണം ചെയ്യും. 10 ദിവസത്തിനുള്ളിൽ തിരിച്ചെത്തും. ദൗത്യം വിജയിച്ചാൽ ആർട്ടെമിസ് 3 യിലൂടെ നാല് യാത്രികരെ ചന്ദ്രോപരിതലത്തിലിറക്കും. 1972ൽ അപ്പോളോ 17ലൂടെയാണ് മനുഷ്യൻ അവസാനമായി ചന്ദ്രനിലിറങ്ങിയത്.