ചടങ്ങുകൾ ആഡംബര ഹോട്ടലിൽ; ഉദയ്പൂർ വിമാനത്താവളത്തിൽ വൻ സുരക്ഷ, 'വിരോഷ്' വിവാഹം ആഘോഷമാക്കാൻ ആരാധകർ

Monday 23 February 2026 10:52 AM IST

തെന്നിന്ത്യൻ സിനിമാ ലോകത്തെ ആരാധകർ ഏറെ കാത്തിരുന്ന ഒന്നായിരുന്നു വിജയ് ദേവരക്കൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹം. ഏറെ നാളത്തെ മൗനത്തിന് ശേഷം ഇരുവരും വിവാഹ വാർത്ത ലോകത്തെ അറിയിച്ചിരിക്കുകയാണ്. വിരോഷ് എന്നാണ് ഇരുവരെയും ആരാധകർ ചേർത്ത് വിളിച്ചിരുന്നത്. അതുകൊണ്ട് വിരോഷിന്റെ വിവാഹം എന്നാണ് ഇരുവരും ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ പങ്കുവച്ചിരിക്കുന്നത്.

രാജസ്ഥാനിലെ ഉദയ്പൂരിലാണ് ഇരുവരുടെയും വിവാഹമെന്നാണ് വിവരം. ആഡംബര ഹോട്ടലായ ഐടിസി മൊമന്റോസിൽ വച്ചാണ് ചടങ്ങുകൾ നടക്കുക. താരങ്ങൾ ഉദയ്പൂരിൽ എത്തുന്ന സാഹചര്യത്തിൽ വൻ സുരക്ഷയാണ് വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ ഹോട്ടലിൽ ഹെലിപാഡ് സൗകര്യമുണ്ടെങ്കിലും അതിഥികൾ വാണിജ്യ വിമാനങ്ങളിലാണ് എത്തുക.

വളരെ സ്വകാര്യമായ നടത്തുന്ന ഈ ചടങ്ങിൽ പങ്കെടുക്കാൻ നിരവധി സെലിബ്രിറ്റികൾ ഉദയ്പൂരിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാലാണ് വിമാനത്താവള സുരക്ഷ വർദ്ധിപ്പിച്ചത്. ചടങ്ങിൽ തെലങ്കാനയിൽ നിന്നുള്ള ചില രാഷ്ട്രീയ നേതാക്കളും പങ്കെടുക്കാൻ സാദ്ധ്യതയുണ്ട്. 100ൽ താഴെ അതിഥികൾക്ക് മാത്രമാണ് വിവാഹത്തിന് ക്ഷണമുള്ളത്. മുൻനിര സിനിമാ താരങ്ങൾ ചടങ്ങിൽ പങ്കെടുത്തേക്കില്ല.

വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും ഡേറ്റിംഗിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാൽ ഇക്കാര്യത്തിൽ ഇരുവരും ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിരുന്നില്ല. 2023 ജനുവരി മുതലാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ആദ്യം വന്നത്. ഇരുവരും മാലദ്വീപിൽ അവധി ആഘോഷിച്ച ചിത്രങ്ങൾ മുൻപ് വൈറലായിരുന്നു. കഴിഞ്ഞ വർഷം ഇരുവരും ശ്രീലങ്കയിൽ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങളും അഭ്യൂഹങ്ങൾ ശക്തമാക്കാൻ ഇടയാക്കി.