ഒരു യുവതിക്ക് 30000 രൂപ വരെ; അണ്ഡോത്പാദനം വർദ്ധിപ്പിക്കാൻ ഹോർമോൺ കുത്തിവയ്പും

Monday 23 February 2026 7:30 PM IST

മുംബയ് : സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവതികളെ ചൂഷണം ചെയ്ക് അണ്ഡം വില്പനയ്ക്ക് ഉപയോഗിക്കുന്ന റാക്കറ്റിലെ മൂന്നു സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. വന്ധ്യതാ ചികിത്സയുടെ ഭാഗമായി ഐ.വി.എഫ് സെന്ററുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണ് അറസ്റ്റിലായത്. അണ്ഡം ദാനം ചെയ്യാൻ തയ്യാറാകുന്ന സ്ത്രീകളെ ഐ.വി.എഫ് സെന്ററിൽ എത്തിച്ച് ശസ്ത്രക്രിയ നടത്തി അണ്ഡം മറ്റ് കേന്ദ്രങ്ങൾക്ക് മറിച്ചുവിൽക്കുകയാണ് ഇവർ ചെയ്തിരുന്നത്. 25000 മുതൽ 30000 രൂപ വരെയാണ് സ്ത്രീകൾക്ക് നൽകിയിരുന്നത്. അണ്ഡോത്പാദനം വർദ്ധിപ്പിക്കാൻ ഹോർമോൺ കുത്തിവയ്പും നൽകാറുണ്ട്,​ ഇത്തരത്തിൽ 33 തവണ വരെ ശസ്ത്രക്രിയക്ക് വിധേയരായ സ്ത്രീകളുണ്ട്.

വിവാഹിതരായ സ്ത്രീകൾക്ക് മാത്രമേ നിലവിൽ അണ്ഡം ദാനം ചെയ്യാൻ അനുമതിയുള്ളൂ. ഒരിക്കൽ മാത്രമേ ചെയ്യാവൂ എന്നും സാമ്പത്തിക താത്പര്യങ്ങൾ പാടില്ലെന്നും നിബന്ധനയുണ്ട്. എന്നാൽ ഇവയൊക്കെ കാറ്റിൽപ്പറത്തി അവിവാഹിതരായ സ്ത്രീകളെ പോലും തട്ടിപ്പിന് ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 20ൽ അധികം സ്ത്രീകൾ ചൂഷണത്തിന് വിധേയരായിട്ടുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ സച്ചിൻ ഗോരെ വ്യക്തമാക്കി. പണം ലഭിക്കാത്തതിനെ തുടർന്ന് ബദ്ലാപുരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പരാതി ലഭിച്ചതാണ് സംഭവം പുറത്തറിയാൻ കാരണം. പി.എച്ച്.സിയിലെ ഡോക്ടർ ഉടനെ പൊലീസിൽ വിവരമറിയിച്ചു. കേസിൽ കൂടുതൽ ഡോക്ടർമാർ,​ ഐ.വി.എഫ് കേന്ദ്രങ്ങൾ എന്നിവയുടെ പങ്ക് പൊലീസ് പരിശോധിച്ചുവരികയാണ്.