റബർ ഇൻഡസ്ട്രിയൽ കോംപ്ലക്‌സ് ആദ്യഘട്ട പ്രവർത്തനോദ്ഘാടനം ഇന്ന്
കോട്ടയം: റബർ അധിഷ്ഠിത മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ വെള്ളൂരിൽ ആരംഭിക്കുന്ന റബർ ഇൻഡസ്ട്രിയൽ കോംപ്ലക്‌സിന്റെ ആദ്യഘട്ടം ഇന്ന് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ഭരണവിഭാഗം ഓഫീസിന്റെ ഉദ്ഘാടനവും തിരഞ്ഞെടുത്ത ആറു നിക്ഷേപകർക്ക് റബർ അധിഷ്ഠിത വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള സമ്മതപത്ര കൈമാറ്റവും നടക്കും. വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എൻ വാസവൻ അദ്ധ്യക്ഷത വഹിക്കും. എം.പിമാരായ ജോസ് കെ. മാണി, ഫ്രാൻസിസ് ജോർജ്, എം.എൽ.എമാരായ സി.കെ. ആശ, മോൻസ് ജോസഫ്, അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് തുടങ്ങിയവർ പങ്കെടുക്കും.
3000 പേർക്ക് തൊഴിൽ
സമുച്ചയത്തിന്റെ നിർമ്മാണം 2027, 28 സാമ്പത്തിക വർഷത്തിൽ പൂർത്തിയാക്കും. മൂവായിരം പേർക്ക് നേരിട്ടും അയ്യായിരം പേർക്ക് പരോക്ഷമായും തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ചെറുകിട, ഇടത്തരം സംരംഭകർക്ക് അവസരമുണ്ട്. 20,176 ചതുരശ്ര അടിയിൽ പത്ത് കോടി രൂപ ചെലവഴിച്ചാണ് ഭരണവിഭാഗം ഓഫീസ്. വ്യവസായ സംരംഭകരുടെ ഉപയോഗത്തിനായി 900 ചതുരശ്ര അടി വീതം വരുന്ന രണ്ട് വലിയ വർക്ക് സ്റ്റേഷനുകൾ ഇവയിൽ ഉൾപ്പെടുന്നു.
കോംപ്ലക്‌സിൽ
100 പേർക്കുള്ള കോൺഫറൻസ് റൂം
ലൈബ്രറി, ഡൈനിംഗ് സൗകര്യം
110 കെവി സബ്‌സ്റ്റേഷൻ, വെയർഹൗസ്
സെൻട്രൽ ടൂൾ റൂം, സെൻട്രൽ മിക്‌സിംഗ് പ്ലാന്റ്
ലാറ്റക്‌സ് കമ്പൗണ്ടിംഗ് ആൻഡ് പ്രീവൾക്കനൈസേഷൻ
വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ്, മലിനജല ശുദ്ധീകരണ പ്ലാന്റ്
157.04 ഏക്കർ ഭൂമി
390 കോടിയുടെ പദ്ധതി
''പ്രകൃതിദത്ത റബർ അധിഷ്ഠിത വ്യവസായങ്ങളും അനുബന്ധ യൂണിറ്റുകളും ആരംഭിക്കുന്നതിന് 100 ഏക്കർ ഭൂമി സജ്ജീകരിച്ചിട്ടുണ്ട്. (ഷീലാ തോമസ്, എം.ഡി, കെ.ആർ.എൽ ചെയർപേഴ്‌സൺ)