കേരള സ്റ്റോറി 2വിൽ പറയുന്നത് കേരളത്തിലെ കാര്യങ്ങളല്ല, വിചിത്ര വാദവുമായി നിർമ്മാതാവ്
വിവാദ ചിത്രം കേരളസ്റ്റോറിയുടെ രണ്ടാംഭാഗമായ കേരള സ്റ്റോറി 2 വിന്റെ ട്രെയിലർ പുറത്തു വന്നതിന് പിന്നാലെ ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിലടക്കം രൂക്ഷ വിമർശനമുയർന്നിരുന്നു. പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗം കേരളത്തിൽ വലിയ പ്രതിഷേധമാണ് ഉയർത്തിയത്.ചിത്രം കേരളത്തെ തെറ്റായി ചിത്രീകരിച്ചുവെന്നും സംസ്ഥാനത്തെ അപമാനിക്കുന്നുവെന്നുമാണ് വിമർശനം. ചിത്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. എന്നാൽ ചിത്രത്തെക്കുറിച്ച് നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ പറഞ്ഞ കാര്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്. കേരള സ്റ്റോറി 2 കേരളത്തെ കുറിച്ചല്ലെന്നാണ് വിപുൽ അമൃത്‌ലാൽ ഉയർത്തുന്ന വാദം. കേരള സ്റ്റോറി 2വുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന ഒരു ചടങ്ങിലായിരുന്നു പരാമർശം.
ലവ് ജിഹാദിന് ഇരയായവരെന്ന് അവകാശപ്പെടുന്ന ഇന്ത്യയിലെ പല ഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകളെ വേദിയിലെത്തിച്ചാണ് അണിയറ പ്രവർത്തകർ മാദ്ധ്യമങ്ങളെ കണ്ടത്. സ്ത്രീകൾ അവരുടെ അനുഭവങ്ങളും കോടതിയിലെ കേസുകളുമെല്ലാം പരിപാടിയിൽ വിശദീകരിച്ചു. എന്നാൽ ഇവരിൽ ആരും മലയാളികൾ ആയിരുന്നില്ല. തുടർന്ന് ചിത്രത്തിന്റെ നിർമ്മാതാവായ വിപുൽ അമൃത്‌ലാൽ ഷായോടും സംവിധായകൻ കാമാഖ്യ നാരായൺ സിംഗിനോടും സിനിമയുടെ കേരളവുമായുള്ള ബന്ധം എന്താണെന്ന് വ്യക്തമാക്കാൻ മാദ്ധ്യമ പ്രവർത്തകർ ആവശ്യപ്പെട്ടു. ചിത്രത്തിന് കേരളവുമായി ബന്ധമില്ലെന്നാണ് നിർമ്മാതാവ് പ്രതികരിച്ചത്. എന്നാൽ കേരള സ്റ്റോറി ഒന്നാം ഭാഗം കേരളവുമായി ബന്ധപ്പെട്ടതാണെന്നും അതിലെ വിഷയവുമായി ബന്ധപ്പെട്ട് 26 പേരെ തങ്ങൾ ഹാജരാക്കിയിരുന്നുവെന്നും വിപുൽ അമൃത്‌ലാൽ കൂട്ടിച്ചേർത്തു. കേരള സ്റ്റോറി 2 പാൻ ഇന്ത്യൻ സിനിമയാണെന്നും ഇന്ത്യയിലൊട്ടാകെ നടക്കുന്ന കാര്യമാണ് പറയുന്നതെന്നുമാണ് വിശദീകരണം.