റോഡിലെ കുഴി : കാർ കനാലിന്റെ തിട്ടയിലിടിച്ച് നിന്നു

Tuesday 24 February 2026 1:24 AM IST

ഇടവെട്ടിച്ചിറ കനാൽ കവലയിൽ ഞായറാഴ്ച രാത്രി റോഡിലെ കുഴി വെട്ടിച്ചു മാറ്റുന്നതിനിടെ നിയന്ത്രണം വിട്ട് കനാലിലേ യ്ക്ക് പാതി മറിഞ് കിടക്കുന്ന കാറ്.കുടിവെള്ള പൈപ്പ് പൊട്ടി ഒഴുകി റോഡ് കുഴിയായി കിടക്കുന്നതും കാണാം

തൊടുപുഴ: റോഡിലെ കുഴി വെട്ടിച്ചു മാറ്റുന്നതിനിടെ കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് വീണ് തിട്ടിയിലിടിച്ച് നിന്നു. ഇടവെട്ടിച്ചിറ കനാൽ കവലയിലാണ് അപകടം. ഡ്രൈവർ വെള്ളത്തിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. കനാൽ കവലയിലെ റോഡിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ഒഴുകി കുഴി രൂപപ്പെട്ടിരിക്കുകയാണ്. ഈ കുഴി അപകടത്തിന് വലിയൊരു കാരണമായിരിക്കുകയാണ്. നാട്ടുകാരുടെ പരാതിയിൽ പലതവണ നന്നാക്കിയെങ്കിലും ഇപ്പഴും വെള്ളം പൊട്ടിയൊഴുകിക്കൊണ്ടിരിക്കുകയാണ്.ഇതുമൂലം ഈ ഭാഗത്തെ റോഡും തകർന്ന അവസ്ഥയിലാണ്.ദിവസവും സ്‌കൂൾ ബസുകൾ അടക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. കഴിഞ്ഞ ദിവസം ഇടവെട്ടിയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവിശ്യമുന്നയിച്ച് വാർഡ് മെമ്പർ അനൂപ് വി കെ യുടെ നേതൃത്വത്തിൽ മറ്റ് മെമ്പർമാരിൽ ചിലരും ചേർന്ന് വാട്ടർ അതോറിറ്റി എ. എക്സിയെ ഉപരോധിച്ചപ്പോൾ ഏറ്റവും അടുത്ത ദിവസങ്ങളിൽ തന്നെ ഇതിന്റെ തകരാർ പരിഹരിച്ച് കുഴിയടക്കും എന്നുള്ള ഉറപ്പ് നൽകിയിരുന്നു. എന്നാൽ ആ ഭാഗത്തേക്ക് തിരിഞ്ഞ് പോലും നോക്കിയില്ല.ഇനിയും വൈകുകയാണെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് വാർഡ് മെമ്പർ അനൂപ് അറിയിച്ചു.