അത്യാധുനിക ജില്ലാ ആശുപത്രി ഉദ്ഘാടനം 26ന് ​ആ​രോ​ഗ്യ മേഖലയിൽ പു​ത്തൻ കുതിപ്പുമായി ചെ​ങ്ങ​ന്നൂ​ർ

Tuesday 24 February 2026 12:52 AM IST

മാന്നാർ: അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ചെങ്ങന്നൂർ ജില്ലാ ആശുപത്രി 26ന് നാടിന് സമർപ്പിക്കുമ്പോൾ ആരോഗ്യ മേഖലയിൽ ചെങ്ങന്നൂർ മണ്ഡലം വലിയൊരു മുന്നേറ്റം രേഖപ്പെടുത്തും. 1943ൽ തുടങ്ങിയ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെ പഴയകെട്ടിടങ്ങൾ അപകടാവസ്ഥയിലെത്തിയതിനാൽ പൊളിച്ചുമാറ്റി അത്യാധുനിക രീതിയിലുള്ള കെട്ടിട സമുച്ചയം നിർമ്മിക്കുന്നതിന് മന്ത്രി സജി ചെറിയാന്റെ ശ്രമഫലമായാണ് സാദ്ധ്യമായത്. 2020 നവംബറിൽ മുൻ ആരോഗ്യ മന്ത്രി കെ.കെ.ശൈലജയായിരുന്നു പുതിയ കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം.

രണ്ടര ഏക്കർ സ്ഥലത്തിനുള്ളിൽ ഏഴു നിലകളുള്ള കെട്ടിടത്തിന്റെ ഒരു നില അണ്ടർഗ്രൗണ്ടിലാണ്. നിർവഹണ ഏജൻസിയായ വാസ്കോസിന്റെ മേൽനോട്ടത്തിൽ ഹെതർ കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയത്. എല്ലാ ചികിത്സ വിഭാഗങ്ങളിലും ആധുനിക ചികിത്സാ സൗകര്യങ്ങൾ സജ്ജമാക്കി ആശുപത്രിയുടെ പ്രവർത്തനം ആരംഭിക്കുമ്പോൾ മികച്ച ആശുപത്രിയായി ചെങ്ങന്നൂർ ജില്ലാ ആശുപത്രി മാറുന്നതോടെ ആലപ്പുഴ ജില്ലയുടെ കിഴക്കൻ മേഖലയിലുള്ളവർക്കും പത്തനംതിട്ട ജില്ലക്കാർക്കും ഏറെ ആശ്വാസകരമാകും. 26ന് വൈകിട്ട് 6ന് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം നിർവഹിക്കും. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും

പുതിയ കെട്ടിടത്തിന്റെ പ്രത്യേകതകൾ

കിഫ്ബിയിൽ നിന്ന് അനുവദിച്ച 100 കോടി രൂപ വിനിയോഗിച്ച് ഒരുലക്ഷത്തി ഇരുപത്തി അയ്യായിരം ചതുരശ്രയടി വിസ്തൃതിയിലുള്ള പുതിയ കെട്ടിടത്തിൽ 300 കിടക്കകൾ, ട്രോമാകെയർ, ഓപ്പറേഷൻ തിയേറ്ററുകൾ, ഫിസിയോതെറാപ്പി, സി.റ്റി സ്‌കാനിംഗ് മറ്റ് വിദഗ്ദ്ധ പരിശോധനകൾ, ഡി-അഡിക്ഷൻ സെന്റർ, ഡയാലിസിസ് സെന്റർ, പാർക്കിംഗ് സൗകര്യങ്ങൾ തുടങ്ങിയ എല്ലാ അത്യാധുനിക സൗകര്യങ്ങളുമുണ്ട്.

അത്യാധുനിക സൗകര്യങ്ങളുള്ള ചെങ്ങന്നൂർ ജില്ലാ ആശുപത്രി,​ സംസ്ഥാനത്തെ വലിയ ജില്ലാ ആശുപത്രികളിൽ ഒന്നായി മാറും. ആധുനിക ചികിത്സാ സൗകര്യങ്ങൾക്കായുള്ള സാധാരണക്കാരുടെ നെട്ടോട്ടത്തിന് പരിഹാരമാകും

-സജി ചെറിയാൻ

മന്ത്രി