തീരദേശ മേഖലയെ ഭയപ്പെടുത്തി നായ്ക്കൾ

Tuesday 24 February 2026 12:37 AM IST

വക്കം: കടയ്ക്കാവൂർ,അഞ്ചുതെങ്ങ്,വക്കം തീരദേശ മേഖലയിൽ തെരുവുനായ ശല്യം രൂക്ഷം. മാമ്പള്ളി മീരാൻകടവ് പാലം,നിലയ്ക്കാമുക്ക് മാർക്കറ്റ്,മങ്കുഴി മാർക്കറ്റ്,ശ്രീനാരായണ വിലാസം ഹയർ സെക്കൻ‌ഡറി സ്കൂൾ എന്നിവിടങ്ങളിലാണ് നായ ശല്യം കൂടുതലുള്ളത്. പ്രഭാത സവാരിക്കാർ,സൊസൈറ്റികളിൽ പാല് കൊണ്ടുപോകുന്നവർ,ഉദ്യോഗസ്ഥർ,സ്കൂൾ കുട്ടികൾ എന്നിവരെല്ലാം ഭീതിയിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ അഞ്ചുതെങ്ങിൽ തെരുവ് നായയുടെ ആക്രമണത്തിൽ സ്കൂൾ വിദ്യാർത്ഥികളുൾപ്പെടെ നിരവധിപേർക്ക് പരിക്കേറ്റിരുന്നു. ആഴ്ചകൾക്ക് മുൻപ് അഞ്ചുതെങ്ങ് ജംഗ്ഷന് സമീപം റോഡിന് വശങ്ങളിൽ നിന്നവരെ നായ ആക്രമിച്ചിരുന്നു. നായയുടെ ആക്രമണത്തിൽ അഞ്ചുതെങ്ങ് തൈക്കൂട്ടം വീട്ടിൽ വിനോദ് - ബിൻസി ദമ്പതികളുടെ മകൻ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ വിഗിന് സാരമായി പരിക്കേറ്റു. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും,പരിക്ക്‌ ഗുരുതരമായതിനാൽ വിഗിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.മറ്റുള്ളവർ ചിറയിൻകീഴ്,വർക്കല ആശുപത്രികളിൽ ചികിത്സ തേടി.

ഭീതിയിൽ വാഹനയാത്രക്കാർ

സ്കൂൾ,ഇരുചക്ര വാഹനയാത്രക്കാർക്ക് പിന്നാലെ നായ്ക്കൂട്ടം ഓടി വാഹനാപകടം ഉണ്ടാകുന്നതും പതിവാണ്.നിർമ്മാണത്തിലുള്ള കെട്ടിടങ്ങൾ,പൊന്തക്കാടുകൾ,മീരാൻ കടവ് പാലം എന്നിവയാണ് ഇവയുടെ വിശ്രമ സങ്കേതം.കൂട്ടമായെത്തുന്ന തെരുവ് നായ്ക്കളുടെ അക്രമം ഭയന്ന് പ്രദേശവാസികൾക്ക് വീടുകളിൽ നിന്നിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.കാപാലീശ്വരം,മാമ്പള്ളി കടപ്പുറം,പള്ളിക്കുടി,മുണ്ടുതുറ,കായിക്കര,ഇറങ്ങുകടവ് എന്നിവിടങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണ്.

നടപടി വേണമെന്ന്

റോഡരികിൽ ഉപേക്ഷിക്കുന്ന മാംസാവശിഷ്ടങ്ങളാണ് നായ്ക്കളുടെ എണ്ണം കൂടുന്നതിന് കാരണം.മാംസാവശിഷ്ടങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും,ഇത്തരം സ്ഥലങ്ങളിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. തീരദേശ മേഖലകളിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കളെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പിടികൂടി സംരക്ഷണ കേന്ദ്രത്തിലെത്തിക്കണമെന്നും ഇവർ പറയുന്നു.