ചിറയിൻകീഴ് റെയിൽവേ ഓവർബ്രിഡ്ജ് ഇന്ന് നാടിന് സമർപ്പിക്കും
ചിറയിൻകീഴ്: നാല് പതിറ്റാണ്ടോളം നീണ്ട ചിറയിൻകീഴുകാരുടെ ചിരകാല അഭിലാഷമായ റെയിൽവേ ഓവർബ്രിഡ്ജ് ഇന്ന് വൈകിട്ട് 5ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും. വി.ശശി എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അടൂർ പ്രകാശ് എം.പി മുഖ്യാതിഥിയാകും. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 25 കോടി രൂപ ചെലവിലായിരുന്നു പാലം നിർമ്മാണം.430 മീറ്റർ നീളത്തിൽ 2 ലെയിൻ റോഡും ഫുട്‌പാത്തും ഉൾപ്പെടെ 10.15 മീറ്റർ വീതിയാണ് പാലത്തിനുള്ളത്.ഓവർബ്രിഡ്ജിന് പുറമെ റോഡിന് ഇരുവശത്തും ഡ്രെയിനേജ് കം ഫുട്പാത്തോട് കൂടിയ 4 മീറ്റർ സർവീസ് റോഡിന്റെ നിർമ്മാണവും പൂർത്തിയായി. സെൻട്രലൈസ്ഡ് പാനലുകൾ,ബാറ്ററികൾ,സോളാർ ഉപയോഗിച്ചുള്ള ലൈറ്റിംഗ് എന്നിവയാണ് പാലത്തിനുള്ളത്.കണ്ടിന്യൂയസ് സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് സ്പാൻ സ്ട്രക്ചർ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന ഓവർബ്രിഡ്ജിന്റെ 11 സ്പാൻ ആർ.ബി.ഡി.സി.കെയും റെയിൽവേ ട്രാക്കിനു മുകളിലുള്ള മൂന്ന് സ്പാൻ റെയിൽവേ നേരിട്ടുമാണ് നിർമ്മിച്ചത്. ആകെ 14 സ്പാനുകളാണ് ഈ മേൽപ്പാലത്തിലുള്ളത്.സ്റ്റീൽ ഗർഡറുകൾ പിയർ,പിയർ ക്യാപ്പ്,ആർ.സി.സി പൈൽ ക്യാപ്പ്,പൈൽ മുതലായവയാണ് മറ്റ് നിർമ്മാണ ഘടകങ്ങൾ.പാലത്തിന്റെ അടിയിലുള്ള ഭാഗവും ജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ സജ്ജമാക്കും.