കൃഷിയിടം ഇവർക്ക് പ്രതീക്ഷയുടെ ഇടം
ഭിന്നശേഷി കുട്ടികളിൽ പ്രത്യാശ നിറച്ച് പിലിക്കോട് കാർഷികഗവേഷണകേന്ദ്രത്തിൽ ഹോർട്ടി കൾച്ചർ തെറാപ്പി
കാസർകോട്: കൃഷിയിടത്തിലെ പച്ചപ്പിൽ തങ്ങളുടെ ശാരീരിക അവശതകളെ മറക്കുകയും മറികടക്കുകയുമാണ് ഒരു സംഘം ഭിന്നശേഷി കുട്ടികൾ. വെള്ളായണി കാർഷിക കോളേജ് ആവിഷ്‌ക്കരിച്ച ഹോർട്ടി കൾച്ചർ തെറാപ്പിയുടെ ഭാഗമായാണ് 11 കുട്ടികൾ കൃഷിയിലൂടെ മാനസികോല്ലാസവും മികച്ച ചലനശേഷിയും കൈവരിച്ച് പ്രതീക്ഷ പരത്തുന്നത്.
ചലനപരിമിതിയും സംസാരവൈകല്യമടക്കമുള്ള ഈ കുട്ടികളിൽ രണ്ടര മാസത്തെ തെറാപ്പിയിൽ വലിയ മാറ്റമാണുണ്ടായത്. പാട്ടും ഓടലും ചാടലുമൊക്കെയായി കൃഷിയിടത്തിൽ ഇവർ ഹാപ്പിയാണ്. തുടക്കത്തിൽ രക്ഷിതാക്കൾ കൊണ്ടുവിട്ട കുട്ടികൾ ഇപ്പോൾ സ്വന്തമായി ബസിൽ കയറിയാണ് വരുന്നത്. പയ്യന്നൂർ, കരിവെള്ളൂർ, തൃക്കരിപ്പൂർ, ചെറുവത്തൂർ ഭാഗങ്ങളിൽ നിന്നുള്ള ഈ കുട്ടികളിൽ പ്ലസ്ടു കഴിഞ്ഞവർ വരെയുണ്ട്.
വെള്ളായണി കാർഷിക കോളേജിലെ പ്രൊജക്ട് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ.ജി.കെ.ബേലയുടെ നിർദ്ദേശ പ്രകാരം റിസർച്ച് അസിസ്റ്റന്റുമാരായ എം.അഞ്ജന , ആൻ തെരേസ എന്നിവരാണ് തെറാപ്പിക്ക് മേൽനോട്ടം വഹിക്കുന്നത്. കാർഷിക കോളേജ് സാമൂഹ്യ സുരക്ഷ മിഷന്റെ സഹായത്തോടെയാണ് തെറാപ്പി നൽകുന്നത്.
കുട്ടികളിലെ ഉത്കണ്ഠ, വിഷാദം, ഒറ്റപ്പെട്ടൽ എന്നിവ വലിയ രീതിയിൽ കുറയുന്നുണ്ടെന്ന് പരിശീലകർ പറഞ്ഞു. ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവും ക്ഷമയും വർദ്ധിച്ചു. പഠനത്തിലും ദൈനംദിന പ്രവർത്തനങ്ങളിലും മികവ് കാട്ടുന്നു.ആശയവിനിമയ കഴിവുകൾ, കൂട്ടായ്മ ബോധം, ഉത്തരവാദിത്ത ബോധം എന്നിവയിലും വലിയ വളർച്ചയുണ്ട്. ചെടികളെ പരിപാലിക്കാനുള്ള ചുമതലയിലൂടെ മികച്ച കർത്തവ്യബോധമാണ് ഇവർ കാട്ടുന്നത്. സ്വയംപര്യാപ്തതയും സാമൂഹികമായ ഉൾക്കൊള്ളലും ഇവരിൽ പരിവർത്തനം സൃഷ്ടിച്ചുകഴിഞ്ഞു.
പ്രകൃതിയോട് ചേർന്ന്,പ്രകൃതിയോടൊപ്പം നടന്ന്
പ്രകൃതിയുടെയും ചെടിയുടെയും സഹായത്തോടെ മനുഷ്യരുടെ ശാരീരികവും മാനസികവുമായ ക്ഷേമം മെച്ചപ്പെടുത്തുന്ന ചികിത്സാരീതിയാണ് ഹോർട്ടി കൾച്ചർ തെറാപ്പി.പൂന്തോട്ടം പരിപാലിക്കൽ, ചെടികൾ നട്ടുവളർത്തൽ, തൊട്ട പരിപാലന പ്രവർത്തനങ്ങളിൽ പങ്കെടുക്കൽ തുടങ്ങിയവയാണ് ഇതിലെ പദ്ധതികൾ.പുനരധിവാസ രംഗത്തും മാനസികാരോഗ്യ പരിചരണ രംഗത്തും വലിയ പ്രാധാന്യമുണ്ട്. ഭിന്നശേഷിക്കാരായ കൗമാരക്കാർ ശരീര ചലനങ്ങളിലും ഏകോപന ശേഷിയിലും നേരിടുന്ന ബുദ്ധിമുട്ടുകളെയാണ് തെറാപ്പി മറികടക്കുന്നത്. ചെടി നട്ട് വളർത്തൽ, വെള്ളം ഒഴിക്കൽ, മണ്ണ് നിറയ്ക്കൽ, പുല്ല് പിഴുതെടുക്കൽ പോലുള്ള പ്രവൃത്തി വഴി കൈകാൽ ചലനങ്ങളിലും പേശി ശക്തിയിലും വലിയ മാറ്റമുണ്ടാക്കുന്നു. സൂക്ഷ്മ പേശി വികസിക്കാനും ശരീരസമതുലിതാവസ്ഥ മെച്ചപ്പെടാനും ഇത് സഹായകരമാണ്. പ്രകൃതിയോട് ഇടപഴകുന്നത് മനസ്സിന് ശാന്തിയും ആശ്വാസവും നൽകുന്നു. ചെടി വളരുന്നത് കാണുന്നത് മനസ്സിൽ സന്തോഷവും പ്രത്യാശയും സൃഷ്ടിക്കുന്നു.
രണ്ടര മാസം കൊണ്ട് കാര്യങ്ങൾ നിരീക്ഷിക്കാനും കാഴ്ചകൾ ഓർത്തെടുക്കാനും കുട്ടികൾക്ക് കഴിയുന്നു. കൂട്ടമായുള്ള പ്രവർത്തനം വഴി നല്ലത് പോലെ ഇടപെടുകയും സംസാരിക്കുകയും ചെയ്യുകയാണ്. മെഡിറ്റേഷൻ നൽകുമ്പോൾ കണ്ണടച്ചിരുന്ന് പ്രകൃതിയിൽ നിന്നുള്ള ശബ്ദം എന്താണെന്ന് പിടിച്ചെടുക്കാൻ കഴിയുന്നത് വലിയ മാറ്റമാണ്.
അഞ്ജന, ആൻ തെരേസ ( റിസർച്ച് അസിസ്റ്റന്റ് , വെള്ളായണി കാർഷിക കോളേജ്)