വെള്ളറട എസ്.ഐയെ മർദ്ദിച്ചെന്ന് പരാതി; സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ കേസ്

Tuesday 24 February 2026 12:21 AM IST

വെള്ളറട: ക്ഷേത്രോത്സവത്തിനിടെ മർദ്ദിച്ചെന്ന എസ്.ഐയുടെ പരാതിയിൽ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ കേസ്. വെള്ളറട എസ്.ഐ അഭിജിത്തിന്റെ പരാതിയിൽ സി.പി.എം വെള്ളറട ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.പ്രദീപിനെതിരെയും കണ്ടാലറിയാവുന്ന രണ്ടുപേർക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്. വയറിന്റെ അടിഭാഗത്ത് ചവിട്ടിയെന്നാണ് എസ്.ഐയുടെ പരാതി. എസ്.ഐ മർദ്ദിച്ചെന്ന് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പൊലീസ് കംപ്ളെയിന്റ് അതോറിട്ടിക്കും റൂറൽ എസ്.പിക്കും പ്രദീപ് പരാതി നൽകി.

ഞായറാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. വെള്ളറട ചൂണ്ടിക്കൽ ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള കൊടിക്കൂറ ഘോഷയാത്രയിൽ സഞ്ചരിക്കുന്ന ഗാനമേള സംഘടിപ്പിച്ചിരുന്നു. ഘോഷയാത്ര വെള്ളറട ജംഗ്ഷനിലെത്തിയപ്പോഴാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഒരുകൂട്ടം യുവാക്കൾ റോഡിന്റെ ഒരുവശത്ത് ഡാൻസ് കളിക്കുകയായിരുന്നു. ഇതിനിടെ പൊലീസ് ഉദ്യോഗസ്ഥൻ ഒരു യുവാവിന്റെ കോളറിൽ പിടിക്കുകയും ഇതുകണ്ടുനിന്ന ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രദീപും കൂടെയുണ്ടായിരുന്നവരും ചോദ്യം ചെയ്‌തതോടെ തർക്കമായി.

തർക്കത്തിനിടെയാണ് എസ്.ഐ അഭിജിത്ത് സ്ഥലത്തെത്തിയത്. പിന്നാലെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി. പൊലീസുകാർ യുവാക്കളെ ലാത്തി കൊണ്ട് ആക്രമിച്ചു. ഇതിനിടെ എസ്.ഐ അഭിജിത്തും പ്രദീപും ഏറ്റുമുട്ടുകയായിരുന്നു. സി.ഐയുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്തെത്തിയാണ് പ്രശ്‌നം അവസാനിപ്പിച്ചത്. മർദ്ദനമേറ്റ പ്രദീപ് വെള്ളറട സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. ഇതിനിടെ എസ്.ഐയും സംഘവും അവിടെയെത്തി പ്രദീപിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചെങ്കിലും പാർട്ടി പ്രവർത്തകർ ഇടപെട്ട് തടഞ്ഞു. തുടർന്ന് എസ്.ഐ അഭിജിത്ത് പാറശാല ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.