ഡാറ്റ ചോർത്തൽ: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹർജി

Tuesday 24 February 2026 1:24 AM IST

കൊച്ചി: സർക്കാർ ജീവനക്കാരുടെയും മറ്റും മൊബൈൽ നമ്പരും ഇ-മെയിൽ ഐ.ഡിയും സ്വകാര്യത ലംഘിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. 'അവകാശങ്ങൾ സംരക്ഷിക്കും, ഉറപ്പാണ് വാക്ക്" എന്ന തലക്കെട്ടിലുള്ള സന്ദേശം ജീവനക്കാരുടെയും അദ്ധ്യാപകരുടെയും മൊബൈൽ നമ്പരിൽ ലഭിച്ച പശ്ചാത്തലത്തിലാണിത്. ഹർജി ഇന്ന് പരിഗണിക്കും.

അദ്ധ്യാപകനായ മലപ്പുറം സ്വദേശി റഷീദ് അഹമ്മദ്, സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായ തിരുവനന്തപുരം സ്വദേശി കെ.എം. അനിൽകുമാർ എന്നിവരാണ് ഹർജിക്കാർ. ശമ്പളവിവരം അറിയാൻ ജീവനക്കാർ 'സ്പാർക്കിൽ" നൽകിയ ഫോൺ നമ്പരുകൾ നിയമവിരുദ്ധമായി ശേഖരിച്ച് സർക്കാരിന്റെ നേട്ടങ്ങളുടെ പ്രചാരത്തിനായി ഉപയോഗിക്കുകയാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. സ്വകാര്യത മൗലികാവകാശമായി അംഗീകരിച്ച്, പുട്ടുസ്വാമി കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരാണ് വ്യക്തി വിവരങ്ങൾ അനുമതിയില്ലാതെ ശേഖരിക്കുന്നത്. മൊബൈൽ നമ്പരിന് പിന്നാലെ ഇ-മെയിൽ ഐ.ഡി ശേഖരിക്കാനും നീക്കമുണ്ടെന്നും സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം മുഖേന ഫയൽ ചെയ്ത ഹർജിയിൽ ആരോപിക്കുന്നു.