നീറ്റ് പി.ജി: കുറഞ്ഞ കട്ട് ഓഫ് മാർക്ക് പരിശോധിക്കാൻ സുപ്രീംകോടതി

Tuesday 24 February 2026 12:31 AM IST

ന്യൂഡൽഹി: മെഡിക്കൽ ബിരുദാനന്തര ബിരുദ കോഴ്സിലേക്ക് പ്രവേശനം നൽകാനുള്ള നീറ്റ് പി.ജി പരീക്ഷയുടെ കട്ട് ഓഫ് മാർക്ക് തീരെ താഴ്ത്തിയ കേന്ദ്രസർക്കാർ നടപടി വിശദമായി പരിശോധിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുന്ന ഗൗരവമുള്ള വിഷയമാണിതെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ,​ അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

2025-26 അദ്ധ്യയനവർഷത്തെ നീറ്റ് പി.ജി പരീക്ഷയിലായിരുന്നു കേന്ദ്രത്തിന്റെ ഇടപെടൽ. കട്ട് ഓഫ് മാർക്ക് തീരെ കുറച്ചത് എന്തുകൊണ്ടെന്ന് കേന്ദ്രം ബോദ്ധ്യപ്പെടുത്തണം.

നയപരമായ തീരുമാനമാണെങ്കിലും അതിന്റെ സാധുത പരിശോധിക്കും. കേന്ദ്രസർക്കാരിന് നോട്ടീസ് അയക്കാനും ഉത്തരവിട്ടു. ജനുവരി 9നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം. തുടർന്ന് മൂന്നാം റൗണ്ട് നീറ്റ് പി.ജി കൗൺസലിംഗിലെ കട്ട് ഓഫ് ആണ് കുറച്ചത്. പുതുക്കിയ ഫലം ജനുവരി 13ന് പ്രസിദ്ധീകരിച്ചു. 95913 പേർക്ക് കൂടി ഇതോടെ കൗൺസലിംഗിന് യോഗ്യത ലഭിച്ചെന്ന് നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻ.ബി.ഇ.എം.എസ്)​ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

കുറഞ്ഞ കട്ട് ഓഫ് മാർക്ക് നിശ്ചയിച്ചത് ചോദ്യംചെയ്‌ത് സമ‌ർപ്പിച്ച ഹ‌ർജികളാണ് കോടതിക്കു മുന്നിലുള്ളത്. രോഗികളുടെ സുരക്ഷ,പൊതുജനാരോഗ്യം,മെഡിക്കൽ പ്രൊഫഷന്റെ വിശ്വാസ്യത എന്നിവയെ ബാധിക്കുന്ന വിഷയമെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.