വാഹനം പാർക്ക് ചെയ്യുന്നത് തടഞ്ഞ പൊലീസുകാരനെ ആക്രമിച്ചു, രണ്ട് പേർ പിടിയിൽ

Tuesday 24 February 2026 12:37 AM IST

ആലുവ: ശിവരാത്രി മണപ്പുറത്തേക്കുള്ള സഞ്ചാരികളുടെ തിരക്കിനെ തുടർന്ന് പാലസ് റോഡിൽ കൊട്ടാരക്കടവിലേക്ക് തിരിയുന്നിടത്ത് ഇരുചക്ര വാഹനം പാർക്ക് ചെയ്യുന്നത് തടഞ്ഞ പൊലീസുകാരനെ രണ്ടംഗ സംഘം ആക്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വെസ്റ്റ് കടുങ്ങല്ലൂർ സ്വദേശികളായ രുദ്രമാല ക്ഷേത്രത്തിന് സമീപം കൊടുമ്പിള്ളി വീട്ടിൽ ഹരികൃഷ്ണൻ രമേശൻ (30), താതാരകര വീട്ടിൽ അക്ഷയ് സുരേന്ദ്രൻ (29) എന്നിവരെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച്ച രാത്രി എട്ടരയോടെയാണ് സംഭവം. ചെങ്ങമനാട് സ്റ്റേഷനിലെ പൊലീസുകാരനായ പാറക്കടവ് ചിറക്കൽ ക്ഷേത്രത്തിന് സമീപം കളരിക്കൽ വീട്ടിൽ രഞ്ജിത്ത് വിജയനാണ് മർദ്ദനമേറ്റത്. ഇദ്ദേഹത്തെ ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശിവരാത്രിയോടനുബന്ധിച്ച് ആലുവയിൽ സ്പെഷ്യൽ ഡ്യൂട്ടിയിലായിരുന്നു രഞ്ജിത്ത്. മണപ്പുറത്തേക്കുള്ള ആളുകളുടെ വാഹനങ്ങൾ പാലത്തിന് ഇരുവശവും പാർക്ക് ചെയ്യുന്നതിനാൽ ഇവിടെ കടുത്ത ഗതാഗതകുരുക്കായിരുന്നു. ഇതിനിടയിലാണ് മദ്യലഹരിയിലായിരുന്ന പ്രതികൾ അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ചു വരികയും പാർക്ക് ചെയ്യാൻ ശ്രമിക്കുകയും ചെയ്തത്. 'ഇവിടെ ഡ്യൂട്ടി ചെയ്യണ്ടടാ' എന്ന് പറഞ്ഞ് ഒന്നാം പ്രതി ഹരികൃഷ്ണൻ പൊലീസുകാരന്റെ ഇടത് കയ്യിൽ പിടിച്ചു തിരിക്കുകയും കഴുത്തിന് കുത്തിപ്പിടിക്കുകയും ചെയ്തു. നെഞ്ചിൽ ഇടിച്ചതായും യൂണിഫോമിന്റെ ലൈൻയാർഡ് വലിച്ച് പൊട്ടിച്ചതായും പൊലീസുകാരൻ നൽകിയ പരാതിയിൽ പറയുന്നു.

പ്രതികളിൽ ഒരാൾ മെഡിക്കൽ ഷോപ്പിലെ ജീവനക്കാരനും മറ്റൊരാൾ ഇലക്ട്രിക്കൽ ജോലിക്കാരനുമാണ്. ഹരികൃഷ്ണനെതിരെ രണ്ടുവർഷം മുമ്പ് കഞ്ചാവ് കൈവശം വെച്ചതിന് കേസെടുത്തിട്ടുണ്ട്. പ്രതികളെ ആലുവ കോടതി റിമാൻഡ് ചെയ്തു.