ഹരിപ്പാട് വലിയകുളങ്ങരയിലെ സംഘർഷം,​ ഒരാൾ അറസ്റ്റിൽ

Tuesday 24 February 2026 8:43 AM IST

ഹരിപ്പാട്: കാർത്തികപ്പള്ളിക്ക് സമീപം വലിയകുളങ്ങരയിൽ ശനിയാഴ്ച അർദ്ധരാത്രി യുവാക്കൾ ഏറ്റുമുട്ടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കാർത്തികപ്പള്ളി പുതുക്കുണ്ടം മുറി കോട്ടയ്ക്കകത്ത് വീട്ടിൽ മണികണ്ഠനാണ് (21) അറസ്റ്റിലായത്. കേസിലെ അഞ്ചാംപ്രതിയാണ്. മറ്റുപ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇവർ ഉടൻ അറസ്റ്റിലാകുമെന്ന് തൃക്കുന്നപ്പുഴ പൊലീസ് പറഞ്ഞു. സംഘർഷത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന തൃക്കുന്നപ്പുഴ തുലാം പറമ്പ് രാഗം വീട്ടിൽ വിഷ്ണുവും (33) ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ള സജിനുംനിരീക്ഷണത്തിലാണ്. കേസിൽ പത്തോളം പ്രതികളാണുള്ളത്. പുളിക്കീഴ് ഭാഗത്തെ കെ.ടി.ഡി.സി ബാറിൽ രാത്രി ഒമ്പത് മണിയോടെ മദ്യപിക്കാനെത്തിയ യുവാക്കൾ തമ്മിലുണ്ടായ വാക്ക് തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇരുപതോളം പേർക്ക് പരിക്കേറ്റിരുന്നു.