വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം: ഒരാൾ അറസ്റ്റിൽ
വെഞ്ഞാറമൂട്: വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.അയിലം ചരുവിളവീട്ടിൽ അജേഷാണ് (45) അറസ്റ്റിലായത്. ഇക്കഴിഞ്ഞ 11നായിരുന്നു സംഭവം. തേങ്ങവെട്ട് തൊഴിലാളിയാണ് പ്രതി. അതിക്രമത്തിനിരയായ വീട്ടമ്മയുടെ വീട്ടിൽ തേങ്ങായിടാനെത്തിയതായിരുന്നു ഇയാൾ.സംഭവ സമയം വീട്ടിൽ മറ്റാരുമില്ലെന്ന് മനസിലാക്കി ഇയാൾ ഇവരുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. തുടർന്ന് കതക് കുറ്റിയിട്ട ശേഷം കീഴ്‌പ്പെടുത്താൻ ശ്രമിച്ചു. ഇതോടെ വീട്ടമ്മ ബഹളം വയ്ക്കുകയും കുതറിമാറി കതക് തുറന്ന് പുറത്തേക്കോടി അടുത്ത വീട്ടിൽ വിവരമറിയിക്കുകയായിരുന്നു. പിന്നീട് വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിൽ സംഭവ ദിവസം മുതൽ ഒളിവിലായിരുന്ന പ്രതിയെ കടയ്ക്കാവൂർ നിലയ്ക്കാമുക്ക് കുന്നുവിള കോളനിയിൽ നിന്ന് പിടികൂടി. വെഞ്ഞാറമൂട് എസ്.എച്ച്.ഒ ആസാദ് അബ്ദുൽ കലാമിന്റെ നേതൃത്വത്തിൽ എസ്.ഐ സജിത്ത്, ഗ്രേഡ് എസ്.ഐ ബിജു.എസ്, എ.എസ്.ഐ.ബിനു, സി.പി.ഒ മാരായ മനീഷ്, നജീം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.